കേരള സർക്കാരിന്റേയും, ആരോഗ്യ സർവകലാശാലയുടേയും, കേരള നഴ്സിംഗ് കൗൺസിലിന്റേയും മിനിമം സ്റ്റാൻഡേർഡ് ഓഫ് റിക്വയർമെന്റ്സും (MSR) ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ മിനിമം സ്റ്റാൻഡേർഡ് ഓഫ് റിക്വയർമെന്റ്സും ഒന്നാണെന്ന കാര്യം വിടി ബല്‍റാമിന് അറിയില്ലെന്ന് പരിഹസിച്ച് മന്ത്രി എംബി രാജേഷ്. ഇക്കാര്യം അറിയില്ലെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍ നേരുകയാണെന്നും പരിഹാസരൂപേണ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൻ്റെ അംഗീകാരമില്ലാതെയാണ് പ്രഖ്യാപനങ്ങളും ഉദ്‌ഘാടന പ്രഹസനങ്ങളും നടത്തുന്നതെന്ന് മന്ത്രി എംബി രാജേഷ് സമ്മതിച്ചുവെന്ന വിടി ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് മന്ത്രി രാജേഷ് മറുപടി പോസ്റ്റുമായെത്തിയത്. അംഗീകാരമില്ലെങ്കിലെന്താ, ലോകോത്തര നിലവാരത്തിലുള്ള അസ്ഥികൂടമൊക്കെ റെഡിയാണെന്നും രോഗികളെ കാത്തിരിക്കുന്ന ഇരുമ്പുകട്ടിലുകൾ തണുപ്പിക്കാൻ ഫാനൊക്കെ ഇപ്പോഴേ ഇട്ടുവച്ചിട്ടുമുണ്ടെന്നും ചിത്രമുള്‍പ്പടെ പോസ്റ്റ് ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥി ബല്‍റാം പരിഹസിച്ചിരുന്നു. കഴിഞ്ഞ കാലത്തെ പദ്ധതികളുടെ പിതൃത്വമേറ്റെടുക്കാനുള്ള എട്ടുകാലി മമ്മൂഞ്ഞ് ശ്രമം പിന്നെയും സഹിക്കാം, പക്ഷേ എതിർ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ക്യാപ്ഷൻ പോലും കോപ്പിയടിക്കുന്നതൊക്കെ എന്തൊരു ഗതികേടാണെന്ന് കൂടി ബല്‍റാം ട്രോളി. അതിനെല്ലാം മറുപടിയെന്നോണമാണ് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പുമായെത്തിയത്.  

'അസ്ഥികൂടങ്ങൾ പലതരമുണ്ട്. മെഡിക്കൽ കോളേജിലും നഴ്സിംഗ് കോളേജിലും ഉള്ളവ പഠനസഹായികളായി ആർക്കെങ്കിലും ഉപകാരമുള്ളവയാണ്. എന്നാൽ ജനങ്ങളുടെ പണം ഉപയോഗിച്ച് ആർക്കും ഉപകാരമില്ലാതെ കിടക്കുന്ന കോൺക്രീറ്റ് അസ്ഥികൂടങ്ങൾ കൂറ്റനാട് ടേക്ക് എ ബ്രേക്കായും,പിലാക്കാട്ടിരി അംഗനവാടിയായും, പട്ടിത്തറ സ്ക്കൂളായുമൊക്കെ നാട്ടിൽ ഇഷ്ടം പോലെയുണ്ട്. തൃത്താലക്ക് അതൊരു ‘ഹാബിറ്റാ’യിരുന്ന കാലമുണ്ടായിരുന്നു.

കേരള സർക്കാരിന്റേയും, ആരോഗ്യ സർവകലാശാലയുടേയും, കേരള നഴ്സിംഗ് കൗൺസിലിന്റേയും അംഗീകാരങ്ങള്‍ ലഭിച്ചാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നത് വെറും സാങ്കേതിക നടപടിക്രമം മാത്രമാണ് എന്നത് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ജൂണിൽ തുടങ്ങുന്ന അദ്ധ്യയന വർഷത്തിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കും. ഇങ്ങനെത്തന്നെയാണ്  സർക്കാർ മേഖലയിലെ എല്ലാ നഴ്സിംഗ് കോളേജുകളും ആരംഭിച്ചിട്ടുള്ളത്. തൃത്താലക്ക് മുമ്പ് പ്രഖ്യാപിച്ച കൊട്ടാരക്കര നഴ്സിംഗ് കോളേജിലും ക്ലാസുകൾ ആരംഭിച്ചത് ഇങ്ങനെത്തന്നെയായിരുന്നു.

സാധാരണക്കാരുടെ കൈയിൽ നിന്ന്  ലക്ഷക്കണക്കിന് രൂപ ഡൊണേഷൻ വാങ്ങി നഴ്സിംഗ് സ്ഥാപനങ്ങൾ നടത്തുന്ന  പലർക്കും അത് നഷ്ടമാകുന്നതിന്റെ ദുഖമാണോ ഈ പ്രതികരണങ്ങൾക്ക് പുറകിൽ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല'.– മന്ത്രി കുറിച്ചു. 

ENGLISH SUMMARY:

Kerala Minister MB Rajesh responded to VT Balram's criticism regarding nursing college standards. The minister clarified that the Kerala government's Minimum Standard of Requirements (MSR) aligns with that of the Indian Nursing Council, emphasizing that approval from the Indian Nursing Council is a technical formality once state and university approvals are secured.