കേരളാ പൊലീസിന്‍റെ നിര്‍ദേശപ്രകാരം മെറ്റ നീക്കം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ അഭിമുഖ ഭാഗം മനോരമ ന്യൂസ് ഫെയ്സ്ബുക്ക് പേജില്‍ പുനസ്ഥാപിച്ചു. വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനടക്കം ഇടപെട്ടിരുന്നു. വിഡിയോക്കു താഴെ വന്ന മോശം കമന്‍റുകള്‍ നീക്കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നു മുഖ്യ തിര. ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. പക്ഷേ തെറ്റായി വീഡിയോ മുഴുവന്‍ നീക്കി. വിഡിയോ പുനസ്ഥാപിക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഡിയോ പുനസ്ഥാപിച്ചത് . വിഡിയോ വിഡിയോ നീക്കിയത് ചോദ്യം ചെയ്ത് മനോരമ ന്യൂസ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഭിമുഖം പുനസ്ഥാപിക്കപ്പെട്ടത്.
മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്‍റെ റീലിനായിരുന്നു ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കേരള പൊലീസിന്‍റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐടി ആക്ട് പ്രകാരം ഫെയ്സ്ബുക്കിനു നോട്ടിസ് നല്‍കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മനോരമ ന്യൂസ് ചാനലിൽ അഭിമുഖം തൽസമയം സംപ്രേഷണം ചെയ്തതും സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിച്ചതും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളുമെല്ലാം അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരുമണിക്കൂര്‍ നീണ്ട അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്‍റെ ലിങ്ക് ഫെയ്സ്ബുക്കില്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഫെയ്സ്ബുക്കിനു നോട്ടിസ് നല്‍കിയത് ആദ്യം കേരള പൊലീസ് നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിക്കുകയായിരുന്നു
കമന്‍റ് ബോക്സിലെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കണ്ട് സ്വമേധയാ നിര്‍ദേശം നല്‍കിയെന്നാണ് പൊലീസിന്‍റെ വിശദീകരണം. കമന്റുകള്‍ മാത്രം നീക്കാനാണ് ആവശ്യപ്പെട്ടത്. ചേരിതിരിഞ്ഞുള്ള വാഗ്വാദം സംഘര്‍ഷത്തിനു കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് സൈബര്‍ വിഭാഗം വിശദീകരിച്ചു.ഫെയ്സ്ബുക്കിന്‍റെ മാര്‍ഗരേഖയ്ക്ക് വിരുദ്ധമായതോ ഐടി നിയമത്തിന് ഉള്‍പ്പെടെ എതിരായതോ ആയ ഒരു ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ല. മാര്‍ഗരേഖ ലംഘിച്ചിട്ടില്ലെന്ന് ഫെയ്സ്ബുക് അവരുടെ നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഡിയോ നീക്കം ചെയ്തതിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ ന്യൂസ് പരാതി നല്‍കിയത്