മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ അഭിമുഖത്തിന്‍റെ ഒരു ഭാഗം കേരളാ പൊലീസിന്‍റെ നിര്‍ദേശപ്രകാരം ഫെയ്സ്ബുക് നീക്കം ചെയ്ത നടപടിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടു. വിഡിയോക്കു താഴെ മോശം കമന്റുകളായിരുന്നു വന്നത്. ഇവ നീക്കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നു മുഖ്യ തിര. ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. പക്ഷേ തെറ്റായി വീഡിയോ മുഴുവന്‍ നീക്കി. സൈബര്‍ പട്രോളിങ്ങിന്റെ ഭാഗമായാണ് നടപടി. മെറ്റയോട് സംസാരം നടന്നു കൊണ്ടിരിക്കുന്നു. പരാതി ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും വിഡിയോ ഉടന്‍ പുനഃസ്ഥാപിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു
Also read: കേരള പൊലീസ് ആവശ്യപ്പെട്ടു: വി.ഡി. സതീശന്റെ മനോരമ ന്യൂസ് അഭിമുഖഭാഗം ഫെയ്സ്ബുക് നീക്കം ചെയ്തു
മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്‍റെ റീല്‍ ആണ് ഇന്ത്യയില്‍ വിലക്കിയത്. കേരള പൊലീസിന്‍റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐടി ആക്ട് പ്രകാരം ഫെയ്സ്ബുക്കിനു നോട്ടിസ് നല്‍കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് മനോരമ ന്യൂസ് ചാനലിൽ അഭിമുഖം തൽസമയം സംപ്രേഷണം ചെയ്തതും സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിച്ചതും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളുമെല്ലാം അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരുമണിക്കൂര്‍ നീണ്ട അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്‍റെ ലിങ്ക് ഫെയ്സ്ബുക്കില്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ കാണാനാവില്ല. ഫെയ്സ്ബുക്കിനു നോട്ടിസ് നല്‍കിയത് ആദ്യം കേരള പൊലീസ് നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിച്ചു.
കമന്‍റ് ബോക്സിലെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കണ്ട് സ്വമേധയാ നിര്‍ദേശം നല്‍കിയെന്നാണ് പൊലീസിന്‍റെ വിശദീകരണം. കമന്റുകള്‍ മാത്രം നീക്കാനാണ് ആവശ്യപ്പെട്ടത്. ചേരിതിരിഞ്ഞുള്ള വാഗ്വാദം സംഘര്‍ഷത്തിനു കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് സൈബര്‍ വിഭാഗം വിശദീകരിച്ചു.ഫെയ്സ്ബുക്കിന്റെ മാര്‍ഗരേഖയ്ക്ക് വിരുദ്ധമായതോ ഐടി നിയമത്തിന് ഉള്‍പ്പെടെ എതിരായതോ ആയ ഒരു ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ല. മാര്‍ഗരേഖ ലംഘിച്ചിട്ടില്ലെന്ന് ഫെയ്സ്ബുക് അവരുടെ നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കുന്നുമുണ്ട്. വിഡിയോ നീക്കം ചെയ്തതിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ ന്യൂസ് പരാതി നല്‍കി.
അതേസമയം, അഭിമുഖ ഭാഗം എഫ്‌ബിയില്‍നിന്ന് നീക്കിയതിനെപ്പറ്റി മറുപടി പറയേണ്ടത് കേരള പൊലീസാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം പൊലീസെടുക്കുന്ന തീരുമാനം താനറിയാറില്ല. സാങ്കേതികമായി താനായിരിക്കാം ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. അഭിമുഖം നീക്കിയതെന്തിനെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ചോദിക്കണമെന്നും പിണറായി വിജയന്‍ തൃശൂരില്‍ പറഞ്ഞു