ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. കൊടിമര പുനപ്രതിഷ്ഠയുടെ മറവിൽ സ്വർണം നഷ്ടമായതായി കാണുന്നില്ലെന്നാണ് വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് അംഗീകരിച്ച ഹൈക്കോടതി കേസിലെ നടപടികൾ അവസാനിപ്പിച്ചു.
2016 ൽ കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ഉത്തരവിറക്കിയത് മുതലുള്ള രേഖകളും, സ്വർണ്ണം വഴിപാടായി നൽകിയവരുടെ മൊഴികളും പരിശോധിച്ചശേഷമാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. കൊടിമര പുനപ്രതിഷ്ഠയുടെ മറവിൽ സ്വർണം നഷ്ടമായതായി കാണുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടെത്തി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. വഴിപാടായി സ്വർണം നൽകിയ 27 പേരുടെ മൊഴിയെടുത്തു.
മൊഴി പ്രകാരം വഴിപാടായി ലഭിച്ചത് ദേവസ്വം രേഖകളിൽ ഉള്ളതിനെക്കാൾ കുറവ് സ്വർണമാണ്. വഴിപാട് വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ദേവസ്വം ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. രസീതടക്കം കൃത്യമായ വിവരം രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് അംഗീകരിച്ച ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് കേസിലെ നടപടികൾ അവസാനിപ്പിച്ചു.
ക്രമക്കേടില്ലെന്ന് തെളിഞ്ഞതോടെ പൊളിഞ്ഞത് സിപിഎം നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. അന്വേഷണം തന്നെയും കോൺഗ്രസിനെയും കുടുക്കാനായിരുന്നുവെന്ന് പുനപ്രതിഷ്ഠ നടന്ന കാലത്തെ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ചാണ് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.