തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ ബിജെപിയുടെ സീൽ വന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാൻ കേരള പൊലീസ് നടപടി തുടങ്ങി. ഫെയ്സ്ബുക്കിൽ നിന്ന് 290 പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ നിന്ന് 90 പോസ്റ്റുകളുമാണ് ഇതുവരെ നീക്കം ചെയ്തത്. എന്നാൽ, ഇതേ നിർദ്ദേശം ലഭിച്ചിട്ടും വിവാദ കത്ത് ഉൾപ്പെട്ട പോസ്റ്റുകൾ പിൻവലിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സ്' (X) ഇതുവരെ തയ്യാറായിട്ടില്ല.

തിരഞ്ഞെടുപ്പ് കമ്മീഷൻ 'ക്ലറിക്കൽ പിശക്' എന്ന് വിശേഷിപ്പിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത കത്ത് ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇതേത്തുടർന്നാണ് ഐടി നിയമപ്രകാരം പോസ്റ്റുകൾ നീക്കം ചെയ്യാൻ വിവിധ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകിയത്.  

വിഷയത്തിൽ കോൺഗ്രസും സി.പി.എമ്മും കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒന്നാണെന്ന് ആക്ഷേപിച്ച് കോൺഗ്രസ് ഒരു എഐ (AI) വീഡിയോ പുറത്തിറക്കി പരിഹസിച്ചു. " പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവത്തിൽ കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

2019-ലെ ഒരു മാർഗനിർദ്ദേശരേഖ ബിജെപി നൽകിയ പകർപ്പിൽ നിന്ന് അതേപടി പകർത്തിയപ്പോഴാണ് സീൽ ഉൾപ്പെട്ടതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ നൽകുന്ന വിശദീകരണം. സംഭവത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ENGLISH SUMMARY:

Kerala Police is taking action to remove social media posts containing the BJP seal on an election commission letter. This move follows the election commission's clarification of the incident as a clerical error, with numerous posts already deleted from platforms like Facebook and Instagram.