നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറും നൂറ്റിപ്പത്തും സീറ്റിന്റെ അവകാശവാദം വേണ്ടെന്നും എൺപതിലേറെ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമല്ലോ എന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി മനോരമ ന്യൂസിനോട്. നൂറിലേറെ സീറ്റെന്ന് യു.ഡി.എഫ് നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ഭരിക്കാനുള്ള സീറ്റ് മതിയല്ലോ എന്നുള്ള തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായി എല്ലാ വിഷയങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. സ്റ്റാർ ക്യാംപയിനര്‍ എന്ന പേര് ആഗ്രഹിക്കുന്നില്ല. പതിനാല് ജില്ലകളിലും പ്രചരണത്തിന് എത്താനാണ് ശ്രമം. വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നത് യാഥാര്‍ഥ്യമാണ്. വനിതകളുടെ പരാതി അടുത്തകാലത്തൊന്നും മാറില്ലെന്നും ശശി തരൂർ എംപി മനോരമ ന്യൂസിനോട് പറഞ്ഞു
Also Read: ‘നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു’, തലയില്‍ തലോടി ആശ്വസിപ്പിച്ച് കെ.സി
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 2217 പത്രികകളാണ് ലഭിച്ചത്. 1252 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ പത്രികകളുടെ എണ്ണം കൂടുതൽ വ്യക്തമാകും. മറ്റന്നാൾ വരെ സ്ഥാനാർഥികൾക്ക് പത്രികകൾ പിൻവലിക്കാം.
അതേസമയം, സി.പി.എം – ബി.ജെ.പി ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. ഭയത്തില്‍ നിന്ന് ഉടലെടുത്ത ആരോപണമാണിതെന്ന് രാജീവ് മനോരമന്യൂസിനോട് പറഞ്ഞു. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തിയില്ലെന്ന ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉയര്‍ത്തിയതാണെന്ന് രാജീവ് പറഞ്ഞു.