kerala-assembly-election-nomination-last-day-today

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്താന്‍ ഇനി പതിനെട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ പോരാട്ടം അവസാന ലാപ്പിലേക്ക്. സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കി. ഇന്ന് വൈകിട്ട് മൂന്ന് മണി വരെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം അനുവദിച്ചിട്ടുള്ളത്. നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. വ്യാഴാഴ്ച വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ എന്‍.ശക്തന്‍, എം.ആര്‍.ബൈജു, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ഐ.ബി.സതീഷ്, ജെ.ആന്‍സലന്‍, ഭഗത് റൂഫസ്, എന്‍ഡിഎ സ്ഥാനാര്‍ഥികളായ ചെങ്കല്‍ രാജശേഖരന്‍, ടി.എന്‍.സുരഷ് എന്നിവരും പത്രിക സമര്‍പ്പിക്കും. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്.ജയമോഹനും പത്രിക സമര്‍പ്പിക്കും. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ അബിന്‍ വര്‍ക്കി, പഴകുളം മധു, ശാന്തകുമാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, പന്തളം പ്രതാപന്‍ എന്നിവരും പത്രിക സമര്‍പ്പിക്കും. 

പറവൂരില്‍ നിന്ന് തുടര്‍ച്ചയായ ആറാം വിജയം ലക്ഷ്യമിട്ട്  ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രാവിലെ പതിനൊന്നരയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് ഓഫിസ് ആയ രാജീവ് ഭവനില്‍ നിന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കാല്‍നടയായി എത്തി പറവൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. പ്ലാച്ചിമട സമരസമിതി നേതാക്കളാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കുക. 2001 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണയാണ് വി.ഡി.സതീശന്‍ പറവൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. 

വിവാദ പരാമർശങ്ങൾക്കിടെ  ഗുരുവായൂരിലെ NDA സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. മതം പറഞ്ഞ് വോട്ടുചോദിച്ചെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഗുരുവായൂർ ടെംപിൾ പൊലീസ് കേസെടുത്തിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്. KSU തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് ഗോപാലകൃഷ്‌ണന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം പരാതി നൽകിയത്. ഹൈക്കോടതിയിൽ ഗോകുൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിയുടെ പര്യടനം ഇന്ന് തുടങ്ങും. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ തുടങ്ങുന്നത്. വാര്‍ത്താസമ്മേളനത്തോടെയാണ് തിരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ നാല് കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരും വരും ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തും. നാളെ ഇടുക്കിയിലാണ് മുഖ്യമന്ത്രിയുടെ അടുത്ത പര്യടനം. മൂന്നിന് കണ്ണൂരില്‍ പര്യടനം അവസാനിക്കും.

ENGLISH SUMMARY:

The deadline for filing nominations for the 2026 Kerala Assembly elections ends today, March 23, at 3 PM. Opposition Leader V.D. Satheesan will file his papers in Paravur, while NDA's B. Gopalakrishnan faces legal hurdles in Guruvayur. Chief Minister Pinarayi Vijayan kicks off his statewide campaign from Pathanamthitta today. Polling is scheduled for April 9, and the final list of candidates will be clear by March 26.