കൊച്ചി മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലത്തീൻ സഭയിലുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടെത്തി. കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ മനോരമ ന്യൂസിന്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിലാണ് സഭാനേതൃത്വത്തിന് അതൃപ്തിയുള്ളത്.
തീരദേശ മേഖലകളിൽ നിർണ്ണായക സ്വാധീനമുള്ള ലത്തീൻ സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം സഭ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. പ്രത്യേകിച്ച് അരൂരിൽ ഷാനിമോൾ ഉസ്മാൻ മത്സരിക്കുമ്പോൾ, കൊച്ചിയിൽ സമുദായത്തിൽ നിന്നുള്ള ഒരാൾ വേണമെന്നതായിരുന്നു താല്പര്യം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ കെ.ജെ. മാക്സി ലത്തീൻ സമുദായംഗമാണെന്നത് യു.ഡി.എഫിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ വോട്ട് ഭിന്നിച്ചു പോകാതിരിക്കാനാണ് സതീശന്റെ അടിയന്തര നീക്കം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമുദായിക നേതാക്കളെ നേരിട്ട് കാണില്ലെന്ന തന്റെ മുൻ നിലപാട് മാറ്റിയാണ് വി.ഡി. സതീശൻ ബിഷപ്പിനെ കാണാനെത്തിയത്. ഹൈബി ഈഡൻ എംപിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൊച്ചി, അരൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ലത്തീൻ സമുദായത്തിന്റെ വോട്ടുകൾ വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ പ്രധാനമാണ്. സഭയുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കാതെ കൊച്ചി സീറ്റ് തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന ബോധ്യമാണ് ഇത്തരമൊരു അനുനയ ചർച്ചയ്ക്ക് നേതൃത്വത്തെ പ്രേരിപ്പിച്ചത്.