ഗോവിന്ദ വാര്യർ എന്ന തൻ്റെ അച്ഛൻ ഇന്ത്യൻ സൈന്യത്തിൽ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിന് ശേഷം ഇന്ത്യൻ റെയിൽവേയിലും ജോലി ചെയ്തിട്ടുണ്ടെന്ന് തൃക്കരിപ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് വാര്യർ. തന്റെ പിതാവ് സൈനികനാണെന്ന് പറയുന്ന സന്ദീപ് വാര്യരുടെ ഒരു വിഡിയോയും, പിതാവ് റെയിൽവെയിലായിരുന്നുവെന്ന് പറയുന്ന മറ്റൊരു വിഡിയോയും ചേർത്ത് വെച്ച് ഇടത് സൈബറിടത്തിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് സന്ദീപ് കാര്യങ്ങൾ വിശദീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയത്.
1962, 1965, 1971 മൂന്ന് യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായി സിഗ്നൽ കോറിൽ പോരാടി. ബംഗ്ലാദേശ് വിമോചനം നടക്കുമ്പോൾ ധാക്കയിൽ അദ്ദേഹം ഉണ്ടായിരുന്നു. വാർ മെഡലും യുദ്ധപോരാളികൾക്ക് നൽകിയ സർട്ടിഫിക്കറ്റുമൊക്കെ അഭിമാനത്തോടെ ഞങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിന് ശേഷം ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായി ഏതാണ്ട് രണ്ട് വർഷം ജോലി ചെയ്തപ്പോഴേക്കും ദക്ഷിണ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി ലഭിച്ചു. സർവീസ് കാലത്ത് ഒരു അപകടം പോലും ഇല്ലാതെ നടത്തിയ സേവനത്തിനും അദ്ദേഹത്തിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു.
പാർട്ടി ചീട്ടിൽ പിൻവാതിൽ നിയമനം മാത്രം ശീലമുള്ള നിങ്ങൾക്കൊക്കെ മെറിറ്റിൽ ജോലി കിട്ടിയവനെ കാണുമ്പോൾ അത്ഭുതമായിരിക്കാം. തൃക്കരിപ്പൂരിൽ തിരഞ്ഞെടുപ്പ് മുറുകുമ്പോൾ നിങ്ങൾ ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം. വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ. - സന്ദീപ് വാര്യർ പരിഹസിക്കുന്നു.
തൃക്കരിപ്പൂർ ഇക്കുറി സംസ്ഥാനതലത്തിൽ തന്നെ വലിയ ശ്രദ്ധാകേന്ദ്രമാവുകയാണ്. എൽഡിഎഫിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ഇവിടെ, ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഇറക്കി അട്ടിമറിവിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാൽ വിപിപി മുസ്തഫയിലൂടെ കോട്ട കാക്കാനുറച്ചാണ് എൽഡിഎഫ് പ്രചാരണം.