തിരഞ്ഞെടുപ്പ് കാലമായാൽ 'എം.എൽ.എ കുപ്പായം തുന്നി കാത്തിരിക്കുന്നവർ' എന്ന പ്രയോഗം നാം കേൾക്കാറുണ്ട്. എന്നാൽ കുപ്പായം തുന്നി, ജനവിധി നേടി, തിരഞ്ഞെടുക്കപ്പെട്ടിട്ടും നിയമസഭയുടെ പടി കാണാൻ കഴിയാതെ പോയ ഒരു പറ്റം ജനപ്രതിനിധികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേരള രാഷ്ട്രീയ ചരിത്രത്തിലെ വിസ്മയമായി മാറിയ 1965-ലെ തിരഞ്ഞെടുപ്പ് അത്തരമൊരു അപൂർവതയ്ക്കാണ് സാക്ഷ്യം വഹിച്ചത്. വോട്ട് ചെയ്ത ജനങ്ങൾ ജയിപ്പിച്ചിട്ടും, രാഷ്ട്രീയ ചതുരംഗക്കളിയിലെ അനിശ്ചിതത്വം കാരണം നിയമസഭാംഗങ്ങളാകാൻ കഴിയാതെ പോയ ആ 25 പേരുടെ കഥ ഇങ്ങനെയാണ്...

കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായ ശേഷവും കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസുണ്ടായ ശേഷവും കേരളം ആദ്യമായി പോളിങ് ബൂത്തിലെത്തിയ തിരഞ്ഞെടുപ്പ്. 40 സീറ്റിൽ ജയിച്ച സിപിഎം ഏറ്റവും വലിയ കക്ഷിയായി. കോൺഗ്രസ് 36 സീറ്റിലൊതുങ്ങി. സിപിഐയ്ക്ക് മൂന്നു സീറ്റുമാത്രം. കേരള കോൺഗ്രസിന് 23 സീറ്റുകിട്ടി. സഖ്യകക്ഷിയായ മുസ്ലിം ലീഗിന് ആറും സംയുക്ത സോഷ്യലിസ്റ്റ് പാ‍ർട്ടിക്ക് 13 സീറ്റും കിട്ടി. 12 പേർ സ്വതന്ത്രരായിരുന്നു. 

ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം. കേരള കോൺഗ്രസിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു. ​ഗവർണർ കേരള കോൺ​ഗ്രസിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചു. പല ചർച്ചകളും നടന്നെങ്കിലും കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാറുണ്ടാക്കേണ്ട എന്നായിരുന്നു കേരള കോൺഗ്രസിന്റെ തീരുമാനം. മന്ത്രിമാരെ അടക്കം നിശ്ചയിച്ച ശേഷമായിരുന്നു കേരളാ കോൺ​ഗ്രസ് നേതാക്കളുടെ പിന്മാറ്റം. ഇതോടെ ഗവർണർ വി.വി. ഗിരിയുടെ ശുപാർശപ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ സഭ പിരിച്ചുവിടുകയായിരുന്നു. മാർച്ച് 17-ന് സഭ രൂപവത്കരിച്ചെങ്കിലും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24-ന് പിരിച്ചുവിട്ടു. 

അന്ന് 133 സീറ്റുകളിൽ നിന്ന് അത്തവണ മാത്രം ജയിച്ചവർ 32 പേരായിരുന്നു. അവരിൽ നാലുപേർ തിരു-കൊച്ചി നിയമസഭയിലും അതിനുമുൻപുള്ള നിയമസഭയിലും അംഗങ്ങളായി. മൂന്നുപേർ ലോക്സഭാംഗങ്ങളായി. ബാക്കി 25 പേർ പിന്നീട് ജനപ്രതിനിധിയായില്ല. പലരും മത്സരിച്ചെങ്കിലും വിജയത്തിന്റെ ഭാഗ്യം അവരെ കനിഞ്ഞില്ല. പക്ഷേ ഇക്കൂട്ടത്തിൽ ജയിച്ചു വന്ന കെ.എം മാണി പിന്നീട് ധനമന്ത്രിയായി, കെ. കരുണാകരൻ മുഖ്യമന്ത്രിയായി. ഇവരെ കൂടാതെ ഇഎംഎസ്, ​ഗൗരിയമ്മ, പാട്യം ഗോപാലൻ, പി.ആർ കുറുപ്പ്, സി.എച്ച് കണാരൻ, പാലോളി മുഹമ്മദ് കുട്ടി, കെ.എം ജോർജ്, സുശീലഗോപാലൻ, കെ.ആർ ബാലകൃഷ്ണപ്പിള്ള എന്നിങ്ങനെ തലയെടുപ്പുള്ള നേതാക്കളും അന്നു ജയിച്ചിരുന്നു. 

ENGLISH SUMMARY:

The 1965 Kerala Assembly Election is a fascinating historical event where 25 elected representatives, despite winning their votes, were unable to take their seats in the legislative assembly due to political uncertainties. This unique situation in Kerala's political history saw elected individuals denied their chance to serve, highlighting the complexities of political maneuvering.