കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ വളർത്തുപക്ഷികളുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
കക്കോടി, പനങ്ങാട്, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും നല്ലളത്തുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയത്. വെറ്റിനറി സർജൻമാരുടെ നേതൃത്വത്തിൽ നാല് RRT സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനം. ആദ്യഘട്ടത്തിൽ പതിനയ്യായിരത്തോളം വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. ഇന്ന് കണ്ടെത്താൻ കഴിയാത്ത പക്ഷികളെ രണ്ടാം
ഘട്ടത്തിൽ കൊന്നൊടുക്കും. പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിന്റെ പത്ത് കിലോമീറ്റർചുറ്റളവിലെ സർവൈലൻസ് സോണിൽ താറാവ്, കോഴി,കാട മറ്റ് വളർത്തുപക്ഷികൾ എന്നിവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. മതിയായി പാകം ചെയ്ത കോഴി, താറാവ് , കാട എന്നിവ കഴിക്കുന്നതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു