കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളില്‍ ഇന്നുമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അസുഖബാധിത പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ ദ്രുതകര്‍മസേനയുടെ സഹായത്തോടെ കൊന്നൊടുക്കും. ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പതിനാലായിരത്തിലധികം പക്ഷികളെയാണ് കൊന്നൊടുക്കുക. രണ്ടാം ഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയാതെപോയ ബാക്കി പക്ഷികളെയും, ഉടമസ്ഥര്‍ ഒളിപ്പിച്ചതോ മറ്റിടങ്ങളിലേക്ക് കടത്തിയതോ ആയ പക്ഷികളെയും കണ്ടെത്തി നശിപ്പിക്കും. നിലവില്‍ അസുഖം കണ്ടെത്തിയ പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും നല്ലളത്തുമായി പ്രതിരോധ പ്രവര്‍ത്തനത്തിന് നാലുവീതം ദ്രുതകര്‍മ്മസേനയെയാണ് സജ്ജമാക്കിയത്. പ്രഭവകേന്ദ്രങ്ങള്‍ക്ക് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി എന്നിവയുടെ വിപണനവും കലക്ടര്‍ നിരോധിച്ചിരുന്നു. മുട്ടയും ഇറച്ചിയുമെല്ലാം കൃത്യമായി പാചകം ചെയ്ത കഴിക്കാമെന്നും ഈക്കാര്യത്തില്‍ ഭീതി വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.