nemom-sabari

പാര്‍ട്ടിക്ക് വേണ്ടി വെല്ലുവിളി നിറഞ്ഞ ദൗത്യം വീണ്ടും ഏറ്റെടുത്താണ് കെ.എസ്.ശബരീനാഥന്‍ നേമത്ത് പോരാട്ടത്തിനിറങ്ങുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്‍റെ തിരിച്ചുവരവിന് നേതൃത്വം കൊടുത്തതിന്‍റെ ആത്മവിശ്വാസമാണ് ശബരിയുടെ കരുത്ത്. പലരും തഴഞ്ഞ സഞ്ജു സാംസണ്‍ ലോകകപ്പില്‍ നടത്തിയ മടങ്ങിവരവ് ഓര്‍മിപ്പിച്ചാണ് ശബരീനാഥന്‍ പ്രചാരണം തുടങ്ങിയത്.

2021ല്‍ ഉമ്മന്‍ചാണ്ടി അടക്കം ഒട്ടേറെ ശക്തന്‍മാരുടെ പേര് ചര്‍ച്ച ചെയ്ത ശേഷമാണ് കെ.മുരളീധരന്‍ നേമത്ത് ഇറങ്ങിയത്. ഇത്തവണ ആദ്യം മുതല്‍ ശബരീനാഥനായിരുന്നു നേതാക്കളുടെ മനസില്‍. കാരണം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വെറും പത്ത് കൗണ്‍സിലര്‍മാരുമായി ദയനീയമായിരുന്നു ഏതാനും മാസം മുന്‍പ് വരെ യു.ഡി.എഫിന്‍റെ അവസ്ഥ. കൗണ്‍സിലറായി മല്‍സരിക്കാന്‍ തയാറായ ശബരിയുടെ നേതൃത്വത്തിലാണ് ഇരട്ടി സീറ്റുമായി കോണ്‍ഗ്രസ് തലസ്ഥാന നഗരിയില്‍ തിരിച്ചുവരവിന് തുടക്കമിട്ടത്. അതേ വെല്ലുവിളിയാണ് നേമത്ത് ഇറങ്ങുമ്പോളും ശബരി ഏറ്റെടുക്കുന്നത്.

മൂന്ന് തവണയായി മൂന്നാം സ്ഥാനത്താണ് നേമത്ത് കോണ്‍ഗ്രസ്. വോട്ടെല്ലാം ബി.ജെ.പിയിലേക്ക് പോയെന്ന രാഷ്ട്രീയ പരിഹാസം പറയുന്നവര്‍ക്ക് ശബരിയുടെ മറുപടി കേരളത്തിന്‍റെ അഭിമാനമായ സഞ്ചുവിന്‍റെ കഥയാണ്. കഴിഞ്ഞതവണ 36524 വോട്ടാണ് ശബരീനാഥന്‍ നേടിയത്. അവിടെ നിന്ന് പതിനായിരം വോട്ട് അധികം നേടിയാല്‍ നേമത്തിന്‍റെ രാഷ്ട്രീയചിത്രം മാറും. അതിലേക്കാണ് ശബരീനാഥന്‍ ഓട്ടം തുടങ്ങുന്നത്.

ENGLISH SUMMARY:

K.S. Sabarinathan is stepping into the challenging Nemom electoral battle, drawing strength from his leadership in the UDF's revival within the Thiruvananthapuram Corporation. His campaign launch recalls Sanju Samson's impressive comeback in the World Cup, a narrative he uses to counter perceptions about the Congress's position in Nemom.