കൊച്ചിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നവരില്‍ ഒരാളായിരുന്നു കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ദീപ്തി മേരി വര്‍ഗീസ്. പക്ഷേം കോണ്‍ഗ്രസ് പട്ടിക വന്നപ്പോള്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് കൊച്ചിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പ് പോസ്റ്ററടിച്ചതിനെ പരിഹാസിച്ച് കമന്‍റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് ദീപ്തി.
'കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു' എന്നാണ് ദീപ്തി മേരി വർഗീസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നമ്മൾ അടിപ്പിച്ച 'സർവം ദീപ്‌തം' എന്ന പോസ്റ്റർ എന്താണ് ചെയ്യേണ്ടതെന്നു ചോദിക്കാൻ പറഞ്ഞ് പ്രെസ്സിലെ ചേട്ടൻ എന്നാണ് പോസ്റ്റിനു വന്ന കമന്‍റ്. ഇതിന് മറുപടി ദീപ്തി തന്നെ നല്‍കി.
'തൃക്കാക്കരയിൽ മതിലിൽ പേരും എഴുതി പോസ്റ്ററും അടിച്ച് വെച്ച് കിടന്നുറങ്ങി രാവിലെ എഴുന്നേറ്റപ്പോൾ സ്റ്റെതസ്കോപ്പും തൂക്കി മറ്റൊരാൾ കൈ വീശി വരുന്നത് കണ്ട് നിന്ന ഒരു കുമാറുണ്ട് , പുള്ളിയോട് ചോദിച്ചാൽ കൃത്യമായ ഉത്തരം കിട്ടും' എന്നാണ് മറുപടി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിത്വത്തെയാണ് ദീപ്തി സൂചിപ്പിച്ചത്.
സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് ദീപ്തി മേരി വര്‍ഗീസ് നോട്ടീസ് ഇറക്കുകയും പോസ്റ്ററുകള്‍ അടിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നാണ് ദീപ്തിയുടെ വിശദീകരണം. പോസ്റ്റര്‍ അടിച്ചതും അതിന്റെ ഭാഗമായാണെന്നും ദീപ്തി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.