വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് കാരണം സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടുന്ന ട്വന്‍റി 20യുടെ രണ്ടാമത്തെ സ്ഥാനാര്‍ഥിയാണ് വീണാ നായര്‍. ഏറ്റുമാനൂരില്‍ മത്സരിക്കാനിറങ്ങിയ വീണയ്ക്ക് വോട്ടില്ലെന്ന് കണ്ടെത്തിയതോടെ പകരം സ്ഥാനാര്‍ഥിയെ തേടുകയാണ്  ട്വന്‍റി 20. മത്സര രംഗത്ത് നിന്ന് പിന്മാറുന്നു എന്ന കാര്യം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വീണയും വ്യക്തമാക്കി. വോട്ടില്ലാതായതിന്‍റെ കാരണവും വീണ വിഡിയോയില്‍ പറയുന്നുണ്ട്. 

വളരെ സങ്കടത്തോടുകൂടിയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും രാവിലെ അമ്പലത്തിൽ പോയി തൊഴുത് വളരെയധികം പ്രതീക്ഷയോടുകൂടിയാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ എത്തിയതും വീണ പറയുന്നു. ഞാന്‍ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താന്‍ കൊടുത്തിരുന്നു. അത് അപ്രൂവലായിട്ടില്ല, വളരെ വേദനിപ്പിക്കുന്ന കാര്യമാണ്, സ്ഥാനാര്‍ഥിയാണെന്ന് അറിഞ്ഞ ശേഷം ചെയ്യേണ്ട കാര്യങ്ങളെല്ലാം  ചെയ്തിരുന്നു. 15-ാം തീയതി വരെയായിരുന്നു വോട്ട് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. അക്കാര്യം ഇന്നാണ് ഞാന്‍ കറക്ടായി അറിയുന്നത്  എന്നും വീണ വിശദീകരിച്ചു. നേരത്തെ വീണയ്ക്ക് വോട്ട് ചങ്ങനാശേരിയിലായിരുന്നു. 

'വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ ചങ്ങാനാശേരിയില്‍ കാര്യങ്ങള്‍ ചെയ്തിരുന്നു. വീണ്ടും ഞാൻ ഒന്നേന്ന് കാര്യങ്ങളെല്ലാം ചെയ്തപ്പോൾ ഡേറ്റിൽ വന്ന കറക്‌ഷനിലാണ് ആണ് പറ്റിപ്പോയത്. കാരണം ഇത് കൊടുത്തു കഴിഞ്ഞാൽ ഏഴ് ദിവസം എടുക്കും ഇതിന്‍റെ എൻറോൾ നമ്പറും കാര്യങ്ങളും എല്ലാം ഓക്കേ ആയിട്ട് വരാൻവേണ്ടി. അതിനുശേഷമാണ് വോട്ടർ ലിസ്റ്റിൽ പേര് വരിക. പക്ഷേ അത് വരുമ്പോൾ ഏകദേശം 23ാം  തീയതിയാകും, അതായത് നോമിനേഷൻ കൊടുക്കേണ്ട ദിവസം കഴിഞ്ഞിരിക്കും'' വീണ പറഞ്ഞു.

ഒരുപക്ഷേ ഇത് ചെയ്തു തരാൻ പറ്റുന്ന കാര്യമായിരിക്കാം. പക്ഷേ അത് നടന്നില്ല. അതിന്‍റെ വിഷമവും സങ്കടവും ഒക്കെ എനിക്കുണ്ട്. എല്ലാവരെയും കണ്ട് ഇതിന്‍റെ സാധ്യതകൾ അങ്ങേയറ്റം പരിശോധിച്ചിരുന്നു. അതൊരിക്കലും പറ്റത്തില്ല എന്നവര്‍ പറഞ്ഞു. മറ്റ് പൊളിറ്റിക്കൽ പ്രഷറുകൾ ഉണ്ടാവാം എന്നും വീണ നായര്‍ പറഞ്ഞു.