പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മുന്‍മന്ത്രി വി.മുരളീധരന്‍ നിയമസഭ മണ്ഡലത്തില്‍ പോരിനിറങ്ങുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് നേടിയിട്ടുള്ള മുരളീധരന്‍ വീണ്ടുമെത്തുമ്പോള്‍ ബി.ജെ.പിയുടെ വിജയപ്രതീക്ഷ ഇരട്ടിയാവുന്നുണ്ട്. എന്നാല്‍, ഇതുവരെ നേടിയതിനേക്കാള്‍ പതിനായരിത്തിലേറെ വോട്ട് അധികമായി കണ്ടെത്തണമെന്നത് വെല്ലുവിളിയാണ്.
മുരളിയേട്ടന്‍ എന്ന് വിളിക്കാന്‍ മാത്രം അടുപ്പമുള്ള പ്രവര്‍ത്തകരുടെ നാട്. സ്വന്തം വീടിരിക്കുന്ന മണ്ഡലം. അതിനാല്‍ തട്ടകത്തിലേക്കുള്ള രണ്ടാംവരവാണ് വി.മുരളീധരന് കഴക്കൂട്ടത്തെ മല്‍സരം.
2016ല്‍ മുരളീധരന്‍ നേടിയ 42732 വോട്ടാണ് നിയമസഭ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഇവിടത്തെ ടോപ് സ്കോര്‍. കഴിഞ്ഞതവണ ശോഭ സുരേന്ദ്രന്‍ മല്‍സരിച്ചപ്പോള്‍ അത് നാല്‍പ്പതിനായിരത്തിലേക്ക് കുറഞ്ഞു. തദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 28 വാര്‍ഡില്‍ 14 നേടി മുന്നിലെത്തിയെങ്കിലും വോട്ടുകണക്കില്‍ സി.പി.എം തന്നെ ലീഡ് ചെയ്തു. അതുകൊണ്ട് സി.പി.എം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയാണ് വിജയമന്ത്രം. അതിനായി പ്രാദേശിക വിഷയങ്ങള്‍ മുതല്‍ സ്വര്‍ണക്കൊള്ള വരെ പ്രചാരണായുധം.
കഴക്കൂട്ടത്ത് താമര വിരിയണമെങ്കില്‍ 52000ലേറെ വോട്ട് നേടണം. അതിന് 2016നേക്കാള്‍ പതിനായിരത്തിലേറെ വോട്ട് കണ്ടെത്തണം. മാത്രവുമല്ല, യു.ഡി.എഫിന് വോട്ട് കുറയുമ്പോള്‍ എല്‍.ഡി.എഫിന് വോട്ട് കൂടുന്നതാണ് കഴക്കൂട്ടം ചരിത്രം. അതിനാല്‍, 2021നേക്കാള്‍ മികച്ച പ്രകടനം യു.ഡി.എഫ് നടത്തണമെന്ന രാഷ്ട്രീയ അടവോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ശക്തി കുറച്ച് കാണിക്കാതെ മുന്നോട്ട്.
ഒറ്റയടിക്ക് പതിനായിരത്തിലേറെ വോട്ടിന്‍റെ വളര്‍ച്ച വെല്ലുവിളിയാണ്. എങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ഒറ്റയടിക്ക് അറുപതിയാരിത്തിലേറെ വോട്ട് കൂട്ടിയ ചരിത്രത്തിലാണ് പ്രതീക്ഷ മുഴുവന്‍.