എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണ തരംഗത്തിനിടയിൽ 2021ൽ തലസ്ഥാനത്ത് യു.ഡി.എഫിനെ കൈവിടാത്ത ഏക മണ്ഡലമായ കോവളം മൂന്നാം തവണയും നിലനിർത്തുമെന്ന് കോൺഗ്രസ് നേതൃത്വം. സി.പി.എമ്മിൻ്റെ വ്യക്തിഹത്യയ്ക്കിടയിലും തന്നെ വിശ്വസിച്ച വോട്ടർമാർ ഇത്തവണയും തിരഞ്ഞെടുപ്പ് പരീക്ഷ പാസാവാൻ സഹായിക്കുമെന്ന് സ്ഥാനാർഥി എം.വിൻസെൻ്റ്. മുൻ ജില്ലാ പഞ്ചായത്ത് അംഗത്തെ എൽ.ഡി.എഫ് കളത്തിലിറക്കിയതോടെ പ്രചരണ വേഗം കൂട്ടുകയാണ് മുന്നണികളും സ്ഥാനാർഥികളും.
ഭരണമാറ്റം പോലെ അഞ്ച് വർഷം കഴിയുമ്പോൾ അടുത്തയാളെ പരീക്ഷിക്കുന്ന കോവളത്തെ വോട്ടർമാർ കഴിഞ്ഞ പത്ത് വർഷമായി എം.വിൻസെൻ്റിനെയാണ് ജനപ്രതിനിധിയാക്കിയത്. ഭരിക്കുന്ന മുന്നണിക്കൊപ്പമല്ല കോവളത്തിൻ്റെ മനസെന്ന ശൈലി എൽ.ഡി.എഫിൻ്റെ തുടർഭരണമെന്ന അപൂർവതയിൽ ഇവിടെയും പാലിക്കപ്പെട്ടു. 2016ൽ സിറ്റിങ് എം.എൽ.എ ജമീല പ്രകാശത്തിനെ 2615 വോട്ടുകൾക്കും 2021ൽ മുൻ മന്ത്രിയും ജമീല പ്രകാശത്തിൻ്റെ ഭർത്താവുമായ എ.നീലലോഹിതദാസൻ നാടാരെ 11562 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിൻസെൻ്റ് പരാജയപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ കോവളം മണ്ഡലത്തിലെ മികച്ച നേട്ടം തനിക്ക് ഹാട്രിക് വിജയം സമ്മാനിക്കുന്നതിന് സഹായമാവുമെന്ന് വിൻസെൻ്റിൻ്റെ പ്രതീക്ഷ.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തനിക്കെതിരെ സി.പി.എം നടത്തുന്ന ക്യാംപയിനെ വോട്ടർമാർ തള്ളിക്കളഞ്ഞതാണ് അനുഭവം. തനിക്കെതിരെ എതിരാളികൾ ഉയർത്തിയ ലൈംഗികാതിക്രമ പരാതിയിൽ അത് തെളിഞ്ഞതാണെന്ന് വിൻസെൻ്റ്.
ഇടതുപക്ഷത്തിനും കാര്യമായ വോട്ടുള്ള മണ്ണാണ്. വിഴിഞ്ഞം തുറമുഖ വികസനത്തിൻ്റെ ക്രെഡിറ്റിലാണ് മൂന്ന് മുന്നണികളുടെയും പ്രതീക്ഷ. മൽസ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും സങ്കടങ്ങളും ചർച്ചയാവുന്ന മണ്ഡലത്തിൽ തിരയൊടുങ്ങാ തീരം പോലെ വിഷയങ്ങളേറെയുണ്ട്.