congress-promise

തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കെയാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് അഞ്ചിന വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചത്. വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, 3000 രൂപ സാമൂഹിക ക്ഷേമ പെൻഷൻ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി യുവാക്കള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യേക വകുപ്പ് എന്നിവയായിരുന്നു ആ വാഗ്ദാനങ്ങള്‍.

തിരഞ്ഞെടുപ്പ് മുന്നോടിയായി കോണ്‍ഗ്രസ് മുന്നോട്ടുവച്ച അഞ്ചിന വാഗ്ദാനങ്ങള്‍ വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കും എന്നായിരുന്നു  മനോരമന്യൂസ് – സി വോട്ടര്‍ ഇലക്ഷന്‍ പള്‍സ്  സര്‍വേയിലെ ചോദ്യം. ഭൂരിപക്ഷം പേരും അത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നാണ് അഭിപ്രായപ്പെട്ടത് — 57.9 ശതമാനം. 35.9 ശതമാനം പേര്‍ ഈ വാഗ്ദാനങ്ങള്‍ വോട്ടില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വ്യക്തമാക്കി. 6.2 ശതമാനം പേര്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഒരു പ്രധാന വിഷയമായി മാറുമെന്നാണ് ഭൂരിപക്ഷം അഭിപ്രായപ്പെടുന്നത്. വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രണ്ടഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളുടെ യാത്രാസൗജന്യം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫും ആലോചിച്ച് വരികയാണ്.

വി.ഡി. സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ENGLISH SUMMARY:

Congress's five-point promise is a significant factor in the upcoming elections, with a recent survey indicating its potential to sway voters. The promises, including free travel for women, increased pension, health insurance, and interest-free loans for youth, have generated considerable discussion and debate regarding their feasibility.