ധർമ്മടം നിയമസഭാ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാർടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തന്നെ ഏൽപ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിച്ചു വളർന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വർഷം നിയമസഭയിൽ പ്രവർത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മൾ ഒറ്റക്കെട്ടായി നിന്ന് യാഥാർത്ഥ്യമാക്കി. രാജ്യത്ത് വർഗീയശക്തികൾ വളരുമ്പോളും കേരളമെന്നാൽ മാനവികതയുടെ പര്യായമാണെന്ന് ഈ ലോകത്തെ നാം ബോധ്യപ്പെടുത്തി. കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്. 

എക്കാലത്തും ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണയും സ്നേഹവുമാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം കരുത്തേകിയത്. ആ വലിയ വിശ്വാസം നെഞ്ചിലേറ്റി ഒരിക്കൽക്കൂടി എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വമ്പിച്ച വിജയം സമ്മാനിക്കണം എന്ന് നാടിനോട് അഭ്യർത്ഥിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ കേരളത്തിനായി, വികസനത്തിൻ്റെയും സാമൂഹ്യപുരോഗതിയുടെയും തുടർച്ചയ്ക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നേറാം'.–അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Pinarayi Vijayan, the Chief Minister of Kerala, has expressed his immense responsibility as the LDF candidate for the Dharmadam constituency in the upcoming assembly elections. He highlighted his 10 years of experience representing the constituency and his confidence in seeking a third term, emphasizing collective achievements and Kerala's commitment to humanity in the face of rising communal forces.