കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024ലെ ഉപതിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായ പാലക്കാട് മണ്ഡലത്തിൽ ഇത്തവണ സിപിഎം പൊതുസ്വതന്ത്രനെ തേടുന്നു. ബിജെപിയും കോൺഗ്രസും തമ്മിൽ പ്രധാന മത്സരം നടക്കുന്ന മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന സ്ഥാനാർഥിയെ പരീക്ഷിക്കാനാണു സിപിഎം ആലോചിക്കുന്നത്. പാലക്കാട് പൊതുസ്വതന്ത്രനെ തേടുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.
പാർട്ടിക്ക് 8 എംഎൽഎമാരുള്ള ജില്ലയാണെങ്കിലും 2016 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കു പിന്നിലാണു സിപിഎമ്മിന്റെ സ്ഥാനം. യുഡിഎഫിന്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കുകയും ബിജെപി വിരുദ്ധ വോട്ടുകൾ ലഭിക്കുകയും ചെയ്താൽ വിജയിക്കാൻ കഴിയുമെന്നു സിപിഎം കരുതുന്നു.
കോൺഗ്രസിൽനിന്നു സിപിഎമ്മിൽ എത്തിയ സരിൻ 2024ൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രസ്ഥാനാർഥിയായിരുന്നു. 2024ലെ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര ചിഹ്നമായ സ്റ്റെതസ്കോപ്പിൽ ഡോ.പി.സരിനെ മത്സരിപ്പിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തുമെന്നാണു കരുതിയതെങ്കിലും മൂന്നാം സ്ഥാനത്തു തന്നെ തുടർന്നു. അതേസമയം, ബിജെപിയുമായുള്ള വ്യത്യാസം 2256 വോട്ടുകളാക്കി കുറച്ചു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ കൂടുതൽ വോട്ടുകൾ നേടാൻ കഴിയുമായിരുന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.