പാലക്കാട് ഒലവക്കോട് വന്‍ ലഹരിവേട്ട. കോയമ്പത്തൂരില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 800 ഗ്രാം എംഡിഎംഎ അടക്കം ഒരുകോടി രൂപയുടെ രാസലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള അന്തര്‍സംസ്ഥാന ലഹരി റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്.
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ ഒരാളില്‍ നിന്നാണ് ഈ വന്‍ ലഹരി റാക്കറ്റിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പാലക്കോട്ടേക്ക് വന്‍തോതില്‍ ലഹരിക്കടത്തിന് പദ്ധതിയുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഇന്നലെ രാത്രി തന്നെ പരിശോധന തുടങ്ങിയിരുന്നു. ഒടുവില്‍ ഒലവക്കോട് ബസ് സ്റ്റോപ്പിന് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാറുമായി ലഹരിസംഘം ഡാന്‍സാഫിന്‍റെയും നോര്‍ത്ത് പൊലീസിന്‍റെയും പിടിയിലാകുന്നത്. ഇവരില്‍ നിന്ന് 800 ഗ്രാം എംഡിഎംഎയ്ക്ക് പുറമേ ഹൈബ്രിഡ് കഞ്ചാവ്, കൊക്കൈന്‍, ബ്രൗണ്‍ ഷുഗര്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍ തുടങ്ങി വന്‍തോതില്‍ രാസലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
ഡീസല്‍ ടാങ്കിന് സമീപം രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് ഏതാണ്ട് ഒരുകോടി രൂപ വിലവരുന്ന ഈ ലഹരി വസ്തുക്കള്‍ കടത്തിയത്. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍, ഭാര്യ ദക്ഷിണ കന്നട സ്വദേശി ബീഫാത്തിമ, ഇവരുടെ സുഹൃത്ത് കാഞ്ഞിരപ്പിള്ളി സ്വദേശി മുഹമ്മദ് നിഷി എന്നിവരാണ് പിടിയിലായത്. മണ്ണാര്‍ക്കാട് സ്വദേശി സലിമാണ് ബെംഗളൂരുവില്‍ നിന്ന് ഇവര്‍ക്ക് കോയമ്പത്തൂരിലേക്ക് ലഹരി എത്തിച്ചത്. പ്രതികള്‍ അന്തര്‍സംസ്ഥാന ലഹരി റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.