തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പേ പാലക്കാട്, ബിജെപിയുടെ ചുവരെഴുത്തുകള്‍ സജീവം. മേജര്‍ രവിക്ക് വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒറ്റപ്പാലത്ത് ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ചു. താര സ്ഥാനാര്‍ഥിയെ ഇറക്കി, ഒറ്റപ്പാലത്തെ സാഹചര്യം അനുകൂലമാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
നാട്ടുകാരനായ മേജര്‍ രവി ഇക്കുറി ഒറ്റപ്പാലത്തെ സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ ചുവരെഴുത്തിന് തുടക്കം കുറിക്കുമ്പോള്‍ താരത്തിളക്കം ഏറുമെന്ന് ബിജെപിയും കരുതുന്നു. ഒറ്റപ്പാലം നഗരസഭയില്‍ ഇക്കുറി രണ്ടാം സ്ഥാനം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മേജര്‍ രവിയെ കളത്തിലിറക്കി പോരാട്ടം കടുപ്പിക്കാന്‍ തന്നെയാണ് നീക്കം. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.
കഴിഞ്ഞതവണ വോട്ട് കണക്കില്‍ ബിജെപി അല്‍പ്പം പിന്നോട്ടുപോയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റില്‍, യുഡിഎഫിന് പക്ഷേ മറ്റൊരു പ്ലാനാണ്. സിപിഎം വിട്ട പി.കെ.ശശിയെ സ്വന്ത്രനായി രംഗത്തിറക്കാനാണ് നീക്കം. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുണ്ട്. അങ്ങനെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഈ ചുവരെഴുത്തുകളും.