എന്‍.കെ. പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥിയാകണോ വേണ്ടയോ എന്നതില്‍ ആര്‍.എസ്.പിയില്‍ തര്‍ക്കം രൂക്ഷം. ഇരവിപുരം പിടിക്കാന്‍ കാര്‍ത്തിക് ആണ് ബെസ്റ്റ് സ്ഥാനാര്‍ഥിയെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ തെറ്റായ കീഴ്വഴക്കമെന്നാണ് മറു വിഭാഗത്തിന്‍റെ വാദം. കാര്‍ത്തിക് ഉള്‍പ്പെടെ 5 പേരുടെ പട്ടിക ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറി.

കഴിഞ്ഞ തവണ സിറ്റിങ്ങ് എം.എല്‍.എ എം.നൗഷാദ് ,ബാബു ദിവാകരനെ തോല്‍പിച്ചത് 28121 വോട്ടിന് . ആര്‍.എസ്.പി യുഡിഎഫിലേക്ക് വന്നതിനുശേഷം ഇരവി പുരത്ത് വിജയിച്ചിട്ടില്ല. എല്‍ഡിഎഫിന്‍റെ ശക്തികേന്ദ്രമെന്നാണ് വിശേഷണമെങ്കിലും  തദ്ദേശതെരഞ്ഞെടുപ്പ്  കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന്‍റെ  ആകെ ഭൂരിപക്ഷം 105 വോട്ടിന്‍റേതായി ചുരുങ്ങി. കോര്‍പറേഷന്‍ ഡിവിഷനുകളില്‍ നേടിയ മുന്‍തൂക്കത്തിനൊപ്പം സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി മയ്യനാട് പഞ്ചായത്തും യുഡിഎഫ് പിടിച്ചു.  ഇത്തവണ ആഞ്ഞുപിടിച്ചാല്‍ മണ്ഡലം ഇങ്ങു പോരുമെന്നാണ് വിശ്വാസം. യുഡിഎഫില്‍ സീറ്റ് ആര്‍.എസ്.പിക്കാണ്. ഇതോടെയാണ് മണ്ഡലം പിടിക്കണമെങ്കില്‍ പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ വേണമെന്നു ഒരു വിഭാഗം ആവശ്യം മുന്നോട്ടുവെച്ചത്. എന്‍.കെ.പ്രേമചന്ദ്രന്‍ മല്‍സരിച്ച പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പിലടക്കം ഉള്ള ഇടപെടലാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള അവസരം നിഷേധിക്കലും , തെറ്റായ സന്ദേശം നല്‍കുന്നതുമാണ് കാര്‍ത്തികിന്‍റെ സ്ഥാനാര്‍തിത്വം എതിര്‍ക്കുന്നവരുടെ വാദം. അവര്‍ പകരം പേരുകളും മുന്നോട്ടുവെയ്ക്കുന്നു. ഇന്നലെ കൂടിയ ആര്‍.എസ്.പി ഇരവിപുരം മണ്ഡലം കമ്മിറ്റി വോട്ടെടുപ്പ് നടത്തി  കാര്‍ത്തികിന്‍റെ ഉള്‍പ്പെടെയുള്ള 5 പേരുകള്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. 

ജില്ലാ കമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും ചര്‍ച്ച ചെയ്തു അന്തിമ തീരുമാനത്തിലെത്തും. ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയ്ക്കു ശേഷം മറ്റന്നാള്‍ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. 

ENGLISH SUMMARY:

Karthik Premachandran's candidacy for the Iravipuram constituency is causing a significant internal dispute within the RSP party. While one faction advocates for him as the best candidate to win Iravipuram, another group argues that it sets a wrong precedent, potentially impacting the upcoming Kerala assembly elections.