പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റെന്ന ആരോപണം നിഷേധിച്ച് കെ.എസ്.യു. സംഭവം നടക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പും മന്ത്രിയുടെ കയ്യില്‍ പരുക്ക് ഉണ്ടായിരുന്നു എന്നാണ് കെഎസ്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയുടെ ആരോപണം. മുഖ്യമന്ത്രിയുമായി മട്ടന്നൂരിലെ പരിപാടിയില്‍ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങള്‍ ഫര്‍ഹാന്‍ ഫെയ്സ്ബുുക്കില്‍ പോസ്റ്റ് ചെയ്തു. കെഎസ്‍യുക്കാർ പരിക്കുണ്ടാക്കി എന്നത് കള്ളാപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രിക്ക് ഓസ്കാർ കൊടുക്കണമെന്നും ഫര്‍ഹാന്‍ പരിഹസിച്ചു. പൊലീസ് വലയത്തിലായിരുന്നു കെഎസ്‍യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതെന്നും തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ലെന്നും ഫര്‍ഹാന്‍ പറഞ്ഞു. മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാൻ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെ എസ് യു പ്രവർത്തകർ തികച്ചും ജനാധിപത്യ രീതിയിൽ മാത്രമേ സമരം ചെയ്തിട്ടുള്ളു എന്നും ഫര്‍ഹാന്‍ പറഞ്ഞു.
കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന് വീണാ ജോര്‍ജ് പറഞ്ഞത്. മന്ത്രിയുടെ കയ്യില്‍ മുറിവേല്‍ക്കുകയും കഴുത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ ഐസിയുവിലേക്ക് മാറ്റി.