ക്രൈസ്തവര്‍ക്ക് അതിന്യൂനപക്ഷ പദവി നല്‍കണമെന്ന ആവശ്യവുമായി സിറോ മലബാര്‍ സഭ. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സഭാ നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാര്‍പ്പാപ്പയെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്നും സിറോ മലബാര്‍ സഭ നേതൃത്വം അഭ്യര്‍ഥിച്ചു. അതേസമയം, ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണത്തില്‍ ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണ ലഭിക്കുന്നില്ലെന്ന പരാതി സഭാ നേതൃത്വത്തിനുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ രണ്ട് ശതമാനമുള്ള ക്രൈസ്തവ വിഭാഗത്തിന് അതിന്യൂനപക്ഷ പദവി നല്‍കി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. കിരണ്‍ റിജിജു കാക്കനാട് സിറോ മലബാര്‍ സഭാ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടിലെത്തി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഇക്കാര്യം ഉന്നയിച്ചതായാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. അതിന്യൂനപക്ഷ പദവി നല്‍കുന്നത് പരിഗണിക്കാമെന്ന് കിരണ്‍ റിജിജുവും ഉറപ്പ് നല്‍കി. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
ലിയോ പതിനാലാമന്‍ മാര്‍പാപ്പായെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്നും സഭാ നേതൃത്വം കൂടിക്കാഴ്ച്ചയില്‍ കിരണ്‍ റിജിജുവിനോട് ആവശ്യപ്പെട്ടു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യം മാര്‍പാപ്പ അറിയിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നെങ്കിലും സന്ദര്‍ശനം നടന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മധ്യകേരളത്തില്‍ ബിജെപി സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗം കൂടിയായിരുന്നു കിരണ്‍ റിജിജുവിന്‍റെ സെന്‍റ് തോമസ് മൗണ്ട് സന്ദര്‍ശനം. മോദി മന്ത്രി സഭയിലെ ന്യൂനപക്ഷകാര്യമന്ത്രി ആദ്യമായാണ് സിറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തുന്നത്.