കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ടുമണിയോടെ എത്തിയ പ്രവർത്തകർ പൊലീസിനെ മറികടന്ന് വീടിന്‍റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റുകയായിരുന്നു.
സംഭവത്തില്‍ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറാണ് ഒന്നാം പ്രതി. സംഭവത്തില്‍ സിപിഐഎമ്മും ഡിവൈഎഫ്ഐയും സമരം ചെയ്യാൻ പഠിപ്പിക്കേണ്ടെന്ന് നേമം ഷജീർ പ്രതികരിച്ചു. ഇന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് റീത്ത് വച്ചത്. വേണ്ടി വന്നാൽ മന്ത്രിക്കസേരയിൽ റീത്ത് വയ്ക്കുമെന്ന് നേമം ഷജീർ പറഞ്ഞു. 'മുഖ്യമന്ത്രി പറയുന്ന രക്ഷാപ്രവർത്തനവുമായി വന്നാൽ DYFIക്കും SFIക്കും രക്ഷയുണ്ടാവില്ല. ഇനി മന്ത്രിയുടെ കസേരയിലായിരിക്കും റീത്ത് വെക്കുക'; നേമം ഷജീർ പറഞ്ഞു.
പിന്നാലെ പത്തനംതിട്ടയിലും കൊല്ലത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. പത്തനംതിട്ടയിലെ പരിപാടിക്ക് ഇടയിലും കോൺഗ്രസ് പ്രതിഷേധം. ടൗൺ ഹാളിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.