തനിക്ക് ലഭിച്ച നിവേദനം വേദിയില്‍ വെച്ചുതന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കീറിക്കളഞ്ഞുവെന്ന സൈബര്‍ പ്രചാരണത്തിനെതിരെ, അതേ വിഡിയോയിലുള്ള മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റംലത്ത് രംഗത്ത്. തെറ്റായ കാര്യങ്ങളാണ് എതിര്‍ കക്ഷികള്‍ പ്രചരിപ്പിക്കുന്നതെന്ന് വിഡിയോയിലൂടെ റംലത്ത് വ്യക്തമാക്കുന്നു.

'2 ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഞാനും പ്രതിപക്ഷ നേതാവും ഉള്ള വിഡിയോ പ്രചരിക്കുകയാണ്. സ്ഥാനാര്‍ഥി സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അന്ന് വിഡി സതീശനെ ഞാന്‍ കണ്ടത്. എന്‍റെ സ്ഥലത്ത് നടക്കുന്ന ഒരു പ്രശ്നത്തെപ്പറ്റി ചെറിയൊരു കാര്യം എനിക്ക് അദ്ദേഹത്തെ അറിയിക്കേണ്ടതുണ്ടായിരുന്നു. ഒരു ചെറിയ തുണ്ട് പേപ്പറിലെഴുതിയാണ് അത് ഞാന്‍ അദ്ദേഹത്തിന് നല്‍കിയത്. ഞാന്‍ ഹാരാര്‍പ്പണം നടത്തി പോകവേ, ജസ്റ്റ് തിരിഞ്ഞു നോക്കുമ്പോള്‍ സാറത് വായിക്കുന്നത് കണ്ടു. വായിച്ച കഴിഞ്ഞ ശേഷം മറ്റാരും  വായിക്കാന്‍ പാടില്ലെന്ന ഉദ്ദേശത്തിലാണ് അത് കീറിയത്. എതിര്‍ കക്ഷികള്‍ തെറ്റായ രീതിയില്‍ നുണയാണ് പ്രചരിപ്പിക്കുന്നത്'. റംലത്ത് വ്യക്തമാക്കുന്നു. 

 പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തത വരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. കീറിക്കളഞ്ഞത്  നിവേദനമല്ലെന്നും  താൻ ഇടപെടേണ്ട ഒരു വിഷയമായിരുന്നു അതിൽ എഴുതിയിരുന്നതെന്നും സതീശൻ പറഞ്ഞു. 

'ഞാൻ മാത്രം കാണേണ്ട ഒന്നായതിനാലാണ് ആ പേപ്പർ കീറിക്കളഞ്ഞത്. ഒരു സ്ത്രീ വിരലിന്‍റെ വലുപ്പം മാത്രമുള്ള പേപ്പറില്‍ നിവേദനം തരുമോ?. ഞാനല്ലാതെ വേറെ ഒരാള്‍ ആ പേപ്പറില്‍ എഴുതിയ സംഗതി കാണാന്‍ പാടില്ല. ആരും കാണരുതെന്ന് കരുതിയാണ് അത് അവിടെ വെച്ച് തന്നെ കീറിയത്. വേറെ ആരും അത് കൂട്ടിവെച്ച് പോലും വായിക്കരുതെന്ന് കരുതി അവിടെ പോലും ആ പേപ്പര്‍ കീറിയത് ഞാന്‍ ഇട്ടില്ല. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന ഞാൻ നിവേദനം കീറിക്കളയുമോ. എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നത്'. – സതീശന്‌ വ്യക്തമാക്കുന്നു. 

കോൺ​ഗ്രസ് പ്രവർത്തക നൽകിയ നിവേദനം തുറന്നുപോലും നോക്കാതെ പരസ്യമായി കീറിക്കളയുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വീഡിയോ എന്ന തരത്തിലാണ് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ ഇത് പ്രചരിച്ചത്. 

ENGLISH SUMMARY:

Opposition Leader VD Satheesan's action of tearing a paper presentation is being misconstrued on social media. Ramlath, a Mahila Congress district secretary, has clarified that the paper contained a personal matter she needed to convey to him and he tore it to ensure privacy. She states that opposing parties are spreading false propaganda, and VD Satheesan himself has confirmed that it was not a formal petition but a private note he wished only he should see.