കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ സർക്കാരിനെ സമീപിച്ചത് പതിനൊന്ന് തവണ. അങ്ങനെയൊരു തീരുമാനം എടുക്കാനാവില്ലെന്ന് ആവർത്തിച്ച സർക്കാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടി നൽകിയതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യമെന്നാണ് വിമർശനം. വിനോദസഞ്ചാര മേഖല ഉണർവിന്റെ പാതയിലായതിനാൽ ബാറുകൾ കൂടുതൽ സമയം തുറന്നിരിക്കണമെന്ന ആവശ്യമുയർത്തി സർക്കാർ രക്ഷപ്പെടാൻ പഴുതൊരുക്കും.
വർഷാ വർഷമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തിലൊരിക്കൽ നയം പുതുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സർക്കാർ. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ മദ്യ വിൽപ്പനയെ ആശ്രയിച്ചിരിക്കുന്ന സംസ്ഥാനത്ത് രണ്ട് മണിക്കൂർ നേരം അധികം ബാർ തുറന്നിരുന്നാൽ നേട്ടമേ വരൂ എന്നാവും എക്സൈസ് വിലയിരുത്തൽ. ബാറുടമകൾ ഓരോ തവണയും ആവശ്യമുന്നയിക്കും. സർക്കാർ നിരസിക്കും.
ഈ മട്ട് തുടർന്ന സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിടുക്കപ്പെട്ട് തീരുമാനമെടുത്തതിലാണ് ദുരൂഹത. പണപ്പിരിവാണോ ലക്ഷ്യമെന്ന് പ്രതിപക്ഷം ചോദിച്ച് തുടങ്ങി. വിനോദസഞ്ചാര മേഖലയെ ഉണർവിലേക്ക് നയിക്കാൻ ഇതാണ് മികച്ച വഴിയെന്ന് വിശദീകരണം.
ബവ്കോ ഷോപ്പുകൾ അടച്ചാലും ബാറുകൾ കൂടുതൽ സമയം തുറന്നിരിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് ഉണർവേകും. സർക്കാർ മദ്യവിൽപനയെ പ്രോൽസാഹിപ്പിക്കുന്നു എന്ന വിമർശനം ഉയർത്തുന്ന സംഘടനകളെ താത്വികമായ കാരണം നിരത്തി സർക്കാർ പ്രതിരോധിക്കും.