യുഡിഎഫിന്‍റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയില്‍ സ്റ്റേജില്‍ വച്ചുണ്ടായ പിടിവലിയുടേതായി പുറത്തുവന്ന വിഡിയോകള്‍ എഐ നിര്‍മിതമാണെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍. ഷാഫി കഴുത്തില്‍പ്പിടിക്കുന്നത് എഡിറ്റഡ് വിഡിയോയാണെന്നും അതാണ് ഇടതുകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡിസിസി സെക്രട്ടറിയുടെ വാക്കുകള്‍ ഇങ്ങനെ: 'ഷാഫിയെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ ഷാഫി പറഞ്ഞു, ഞാന്‍ പ്രസംഗിക്കുന്നില്ല. ഇപ്പോള്‍ തന്നെ പരിപാടി ലേറ്റായിരിക്കുന്നുവെന്ന്. അങ്ങനെ ഷാഫി പ്രസംഗിക്കണമെന്ന് ഞങ്ങളും പ്രസംഗിക്കുന്നില്ല, ഇനി കൂടുതല്‍ പ്രംസഗിച്ചാല്‍ പരിപാടി മൊത്തം ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ട് വേണ്ടെന്ന് ഷാഫി വിസമ്മതിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം മാത്രമാണുണ്ടായത്. ഇന്ന് സിപിഎം ഹാന്‍ഡിലുകളൊക്കെ ഇതിനെതിരെ വ്യാപകമായ പ്രചരണം നടത്തുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. അങ്ങനെ യാതൊരു സംഭവവും ഉണ്ടായിട്ടില്ല.നവ മാധ്യമങ്ങളിലൊക്കെ ഉണ്ടാക്കിയെടുത്തത് പോലെയുള്ള യാതൊന്നും അവിടെ ഉണ്ടായിട്ടില്ല. ഷാഫിക്ക് യാതൊരു നീരസവും ഉണ്ടായിട്ടില്ല. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല'.
യാത്ര കുറ്റ്യാടിയില്‍ എത്തിയപ്പോഴാണ് ഷാഫി സംസാരിക്കാന്‍ വിസമ്മതിച്ചത്. പുതുയുഗ യാത്രയുടെ ജാഥ ക്യാപ്റ്റന്‍ വി.ഡി.സതീശന് മുന്‍പായിട്ടായിരുന്നു ഷാഫി സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച പ്രമോദ് കക്കട്ടില്‍ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതോടെ താഴെ നിന്നും അണികള്‍ ഷാഫി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നേതാക്കള്‍ക്ക് സമയം കൊടുക്കണമെന്ന് ഷാഫി പറഞ്ഞതോടെ ഷാഫി സംസാരിക്കൂവെന്നായി തര്‍ക്കം. തര്‍ക്കം മൂത്ത് പിടിവലി ആയതിന് പിന്നാലെ ഹ്രസ്വമായി ഷാഫി പ്രസംഗിച്ചു. 'ഞാന്‍ പ്രസംഗിക്കാനില്ല. നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ അതില്‍ കുറ്റ്യാടിയും ഉണ്ടാകും' എന്നുമാത്രമായിരുന്നു ഷാഫിയുടെ വാക്കുകള്‍.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളിന് ഇടയാക്കിയിരുന്നു. 'പറഞ്ഞാല്‍ പോരേ ഷാഫി,മൈക്ക് വേണമെങ്കില്‍ കൊങ്ങയ്ക്ക് പിടിക്കണോ എന്നും, യുഗം ഏതായാലും കോണ്‍ഗ്രസ് കോണ്‍ഗ്രസ് തന്നെയാണെന്നും, പാവം മുല്ലപ്പള്ളി വീണുവെന്നും, എന്തൊരു ഐക്യമെന്നുമെല്ലാം ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. നേതാക്കളുടെ തിക്കും തിരക്കുമല്ല, ജനങ്ങളുടെ തിക്കും തിരക്കുമാണെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.