ഇടതുസര്‍ക്കാര്‍ മാറണമെന്ന് മനോരമ ന്യൂസ്–സി വോട്ടര്‍ അഭിപ്രായ സര്‍വേ. മുഖ്യമന്ത്രിയുടെ പ്രകടനം പോരെന്നും സര്‍വേയില്‍ അഭിപ്രായമുയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ മാസത്തേക്കാള്‍ പിന്തുണ കുറഞ്ഞു. അതേ സമയം ജനപ്രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞമാസത്തെക്കാള്‍ പിന്തുണയേറി. അഭിപ്രായ സര്‍വേ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഇലക്ഷന്‍ പള്‍സ് എല്ലാ തിങ്കളാഴ്ചയും മനോരമ ന്യൂസില്‍ കാണാം.
സര്‍വേയില്‍ പങ്കെടുത്ത പകുതിയില്‍ ഏറെപ്പേരും ഇടതുപക്ഷ സര്‍ക്കാര്‍ മാറണമെന്ന അഭിപ്രായമുള്ളവരാണ്. 53.7% പേര്‍ മാറണമെന്ന് പറഞ്ഞപ്പോള്‍ ഇടതു സര്‍ക്കാര്‍ തുടരണമെന്ന് 40.3% പേര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസത്തെക്കാള്‍ സര്‍ക്കാരിന് പിന്തുണ കുറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്ന് 53.1% പേര്‍. നല്ലതെന്ന് അഭിപ്രായപ്പെട്ടത് 27% പേര്‍ മാത്രം. മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് വിഡി സതീശനെ 24.1% പേര്‍ പിന്തുണച്ചു. 22.4% പേരാണ് പിണറായി വിജയനെ പിന്തുണച്ചത്. ശശി തരൂരിന് 11.3 % പേരുടെ പിന്തുണ ലഭിച്ചു. പ്രധാനമന്ത്രിയുടെ പ്രകടനത്തെയും സര്‍വേ വിലയിരുത്തി. 31.2% പേര്‍ നല്ലതെന്നും 45.5% പേര്‍ മോശമെന്നും അഭിപ്രായപ്പെട്ടു. മോദിയോ രാഹുലോ ജനപ്രിയന്‍ എന്ന ചോദ്യത്തിന് 48.5% പേര്‍ രാഹുല്‍ ഗാന്ധിയേയും 30.7 ശതമാനം പേര്‍ നരേന്ദ്ര മോദിയേയും പിന്തുണച്ചു. കേന്ദ്രബജറ്റ് കേരളത്തിന് മോശമെന്ന് 54.5% പേര്‍ അഭിപ്രായപ്പെട്ടു. അതേ സമയം സംസ്ഥാന ബജറ്റ് നല്ലതെന്നാണ് 36.4% പേരുടെ അഭിപ്രായം. സ്വർണ്ണക്കൊള്ള കേസ് അന്വേഷണം നേർദിശയില്‍ അല്ലെന്ന് 42.7% പേര്‍ ചിന്തിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് വിഷയമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 41.9 ശതമാനം പേരും കരുതുന്നു. വിലക്കയറ്റമുണ്ടെന്ന് 69.8% പേര്‍ കരുതുമ്പോള്‍ വിലയില്‍ മാറ്റമില്ലെന്നാണ് 17.8% പേരുടെ അഭിപ്രായം. ഏറ്റവും ഗുരുതരമായ പ്രശ്നം തൊഴിലില്ലായ്മ 27.6% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അഴിമതിയാണ് പ്രശ്നമെന്ന് 25.4% പേരും വിലക്കയറ്റമാണ് പ്രശ്നമെന്ന് 23.5% പേരും കരുതുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം പ്രശ്നമാണെന്ന് ചിന്തിക്കുന്നവര്‍ 5.4 ശതമാനമാണ്. ഇന്ത്യ - യു.എസ് കരാർ ഇന്ത്യയ്ക്ക് ഗുണകരമല്ലെന്നാണ് 36.4 % പേര്‍ അഭിപ്രായപ്പെട്ടത്. അതേ സമയം 30.9 % പേര്‍ മറിച്ചാണ് അഭിപ്രായപ്പെട്ടത്.