ജമാഅത്തെ ഇസ്ലാമിക്കാരുടെ കളിപ്പാവകളായി കോമാളി വേഷം കെട്ടിയാടുന്ന കിന്റർ ജോയികളായി കോണ്‍ഗ്രസ് മാറിയെന്ന് സുന്നി ആക്ടിവിസ്റ്റ് ജവാദ് മുസ്തഫ. ഇവിടെ ചർച്ച ചെയ്യുന്നത് ക്രീമി ചോക്ലേറ്റിലെ ക്രിസ്പി ബോളുകളെ കുറിച്ചല്ലെന്നും, ജവഹർലാൽ നെഹ്‌റു മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കൾ ദേശവിരുദ്ധമെന്ന് വിലയിരുത്തിയ ജമാഅത്തെ ഇസ്ലാമിയെപ്പറ്റിയാണെന്നും, കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണിനെ ഉന്നമിട്ട് ജവാദ് മുസ്തഫ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'കഴിഞ്ഞ യുഡിഎഫ് സർക്കാർ രാജ്യത്തിന് ഭീഷണിയാണെന്ന് ഹൈക്കോടതിയിൽ അഫിഡവിറ്റ് സമർപ്പിച്ച, രമേശ് ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പ് രാജ്യവിരുദ്ധമാണെന്ന് കണ്ടെത്തി നിരോധിക്കാനുള്ള ശ്രമം നടത്തിയ പതിനാല് പുസ്തകങ്ങൾ ഇപ്പോഴും പ്രസിദ്ധീകരിക്കുകയും വിൽക്കുകയും ചെയ്യുന്ന, മുഖ്യധാരാ മുസ്ലിം സംഘടനകൾ പാടെ തള്ളിക്കളഞ്ഞ ഒരു സംഘടനക്ക് പ്രതിപക്ഷ നേതാവ് ക്ളീൻ ചീട്ട് നൽകിയതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്.
അതേ കുറിച്ച് സമൂഹമധ്യേ വിശദീകരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് ബാധ്യതയുണ്ട്. അതിനെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോൾ മത രാഷ്ട്രവാദമൊക്കെ മാറ്റി വെച്ച് നിങ്ങൾ തെരുവ് പട്ടികളെ കുറിച്ച് ചര്‍ച്ച ചെയ്യാൻ ഉണ്ടോ, വാക്സിനെ കുറിച്ച് ചർച്ച ചെയ്യാൻ ഉണ്ടോ എന്നൊക്കെ ചോദിക്കാന്‍ ഇത് ബാലജനസഖ്യം സംഘടിപ്പിച്ച പ്രസംഗ മത്സരമല്ലെന്നും ജിന്‍റോ ജോണിനെ ഉന്നമിട്ട് ജവാദ് മുസ്തഫ പറയുന്നു.
ദൈവരാജ്യം വരേണമേ എന്ന കൃസ്ത്യാനികളുടെ പ്രാർഥനയും ജമാഅത്തെ ഇസ്ലാമിയുടെ ഹുകൂമത്തെ ഇലാഹി വാദവും ഒന്നാണെന്ന് മുസ്‌ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞതിനു പോലും മറുപടിപറയാൻ കഴിയാതെ അലറുന്ന കിന്റർ ജോയികൾക്ക് ഇതിനേക്കാൾ നല്ലത് മലർവാടി വായിച്ച്, സുഡോകു കളിക്കുന്നതാണ്'. - ജവാദ് മുസ്തഫ പറയുന്നു.