വഖഫ് ബോര്‍ഡില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ ഉള്‍പ്പെടുത്തിയത് മത പണ്ഡിതനെന്ന നിലയിലാണന്നും രാഷ്ട്രീയമില്ലെന്നും ചെയര്‍മാന്‍ എം.കെ.സക്കീര്‍. അമുസ്‍ലിങ്ങളുടെ ഒഴിവ് നികത്താഞ്ഞത് എതെങ്കിലും സമുദായത്തെ പേടിച്ചിട്ടല്ലെന്നും സക്കീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ബുധനാഴ്ചയാണ് എം കെ സക്കീര്‍ അധ്യക്ഷനായി ഒന്‍പതംഗ വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ പുനസംഘടിപ്പിച്ചത്. ലീഗിനെ പിന്തുണയ്ക്കുന്ന ഇ കെ വിഭാഗം സമസ്തയിലെ സിപിഎം അനുകൂല ചേരിയിലെ പ്രധാനിയായ ഉമര്‍ ഫൈസി മുക്കത്തെ ബോര്‍ഡംഗമാക്കിയത് രാഷ്ട്രീയലക്ഷ്യത്തോടയാണെന്നായിരുന്നു പ്രധാന ആക്ഷേപം.
വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലീങ്ങളെ അംഗങ്ങളാക്കണമെന്നാണ് പുതിയ നിയമമെങ്കിലും അതും ഒഴിച്ചിട്ടിരിക്കുകയാണ്. അതിന് പിന്നിലും ഒരു ദുരുദ്ദേശമില്ലെന്നാണ് ചെയര്‍മാന്‍ പറയുന്നത് .
നയമവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി വി എം രഹനയെ സര്‍ക്കാര്‍ പ്രതിനിധിയായി ഉള്‍പ്പെടുത്തിയതിരായ ആക്ഷേപത്തെയും ചെയര്‍മാന്‍ തള്ളി. വഖഫ് വിഷയം കൈകാര്യം ചെയ്യുന്നയാള്‍ എന്നാണ് നിയമത്തിലുള്ളതെന്നും അഞ്ചുവര്‍ഷം വഖഫ് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും നിയമവകുപ്പില്‍ കൈകാര്യം ചെയ്തത് രഹനയാണെന്നും എം.കെ.സക്കീര്‍ പറയുന്നു.