യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞോ? തിരഞ്ഞെടുപ്പടുത്തത്തോടെ ചില കേന്ദ്രങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പോസ്റ്ററുകളില്‍ ഒന്നാണിത്. ഫേക്ക് ഐ.ഡികളില്‍ നിന്നല്ല, പ്രമുഖരുടെ പേജുകളില്‍ വരെ ഈ പോസ്റ്റര്‍ വന്നു പോയി. എന്താണ് വാസ്തവം?
പ്രിയങ്ക ഗാന്ധി ഇന്നേവരെ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. അങ്ങനെയൊരു പ്രസംഗമോ കുറിപ്പോ ഉണ്ടായിട്ടില്ല. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ട് ഗോവധനിരോധനം എന്ന ഒരു ചോദ്യമോ ചര്‍ച്ചയോ എവിടെയും ഉയര്‍ന്നിട്ടുമില്ല. കേരളത്തിന്റെ രാഷ്ട്രീയ–സാമൂഹ്യസാഹചര്യത്തില്‍ അങ്ങനെയൊരു ചോദ്യം പോലും അപ്രസക്തമാണെന്ന് അറിയാത്തവരല്ല ഈ വ്യാജപ്രചാരണം ഏറ്റെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഭയന്ന് ഇടതുകേന്ദ്രങ്ങളില്‍ നിന്നാണ് പ്രിയങ്കാഗാന്ധിക്കെതിരെ ഈ പ്രചാരണം തുടങ്ങിയതെന്ന് യു.ഡി.എഫ് അണികള്‍ പറയുമ്പോള്‍ ഇടതുമുന്നണി പ്രതികരിക്കുന്നില്ല. വാട്സാപ്പ് യൂണിവേഴ്സിറ്റികള്‍ എന്ന് വ്യാജവാര്‍ത്തകളുടെ പ്രചാരണത്തെ പരിഹസിക്കുന്നവരൊന്നും മറ്റു സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാജപ്രചാരണം കൊഴുക്കുന്നതിനെ എതിര്‍ക്കുന്നുമില്ലെന്നതാണ് വൈരുധ്യം.