കോതമംഗലം സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ചനിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് ഏറ്റെടുക്കണമെന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ സമ്മര്‍ദനീക്കം ജോസഫ് ഗ്രൂപ്പ് തള്ളുകയാണ്. തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ അധ്യക്ഷന്‍ ഷിബു തെക്കുംപുറം മനോരമ ന്യൂസിനോട് പറഞ്ഞു.
കോതമംഗലം സീറ്റ് സിപിഎമ്മില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കാന്‍ ഇറങ്ങണമെന്ന ആവശ്യം ഒരുവശത്ത്. സീറ്റില്‍ കണ്ണുവച്ച് യുഡിഎഫില്‍ തന്നെയുള്ള സഖ്യകക്ഷി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മറുവശത്ത്. കോതമംഗലത്തെച്ചൊല്ലിയുള്ള ഈ അവകാശവാദങ്ങള്‍ക്കിടെയാണ് വീട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് ജോസഫ് വിഭാഗം സ്വരം കടുപ്പിക്കുന്നത്.
സീറ്റ് വച്ചുമാറുന്നത് സാധ്യമല്ലെന്ന് യുഡിഎഫ് യോഗത്തില്‍ നിലപാട് എടുക്കും. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ഉള്‍പ്പെടെ കാര്യമായെടുക്കിന്നില്ല. കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ് നേതൃത്വങ്ങളുടെ പിന്തുണയുണ്ടെന്ന് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഷിബു തെക്കുംപുറം തന്നെയായിരിക്കും ഇത്തവണയും കളത്തിലിറങ്ങുക.
2006ല്‍ എല്‍ഡിഎഫിനൊപ്പമായിരുന്നപ്പോഴാണ് ജോസഫ് ഗ്രൂപ്പ് ടി.യു കുരുവിളയെ കോതമംഗലത്ത് മല്‍സരിപ്പിച്ചതും വിജയിക്കുന്നതും. പിന്നീട് യുഡിഎഫ് പാളയത്തിലെത്തിയപ്പോള്‍ 2016ലും 2021ലും സീറ്റില്‍ ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ ഇത്തവണ സാഹചര്യം അനുകൂലമാണെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ വാദം.