fund

TOPICS COVERED

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിയതായി പരാതി. 2008ല്‍ ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ പേരില്‍ പിരിച്ച ഫണ്ടാണ് കുടുംബത്തില്‍ നല്‍കിയതില്‍ തട്ടിപ്പ് നടത്തിയത്. 10 ലക്ഷം രൂപ പിരിച്ചതില്‍ അഞ്ച് ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്നും ബാക്കി ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും വിനോദ് ആരോപിക്കുന്നു. 

'പാര്‍ട്ടി ഫണ്ട് പിരിക്കണമെന്ന് പറഞ്ഞ് നേതാക്കളാണ് ബന്ധപ്പെട്ടത്. കുടുംബത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങി'യെന്നാണ് വിനോദ് പറയുന്നത്. 'ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കൈമാറിയത്. അഞ്ച് ലക്ഷം രൂപ അമ്മയുടെ േപരില്‍ ഇട്ടു. ബാക്കി അഞ്ചു ലക്ഷം പാര്‍ട്ടി കൈവശം വച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രവീന്ദ്രനാണ് പണം കൈകാര്യം ചെയ്തിരുന്നത്. രണ്ടു വര്‍ഷം മുന്‍പ് സഹകരണ ബാങ്കിലെ ആളുകള്‍  ആ പണം അവിടെ ഇല്ലെന്ന് അറിയിക്കുകയുണ്ടായി. അന്വേഷണത്തില്‍ പണം അവിടെയില്ലെന്ന് ബോധ്യപ്പെടുകയും പാര്‍ട്ടിക്ക് പരാതി നല്‍കിയപ്പോള്‍ അന്വേഷണവിധേയമായി രവീന്ദ്രനെതിരെ നടപടിയെടുത്തു. സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കി. രക്തസാക്ഷി ഫണ്ടില്‍ തൊട്ടയാള്‍ പാര്‍ട്ടിയില്‍ ഉണ്ടാകരുതെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. എന്നാല്‍ പാര്‍ട്ടി അംഗത്വം തുടര്‍ന്നു. പിന്നീട് രവീന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ തിരിച്ചെടുക്കാന്‍ ശ്രമമുണ്ടായി.എല്ലാ പ്രവര്‍ത്തകരും അതിനെ എതിര്‍ത്തു. ഏരിയ കമ്മിറ്റിയില്‍ കയറ്റാനും ശ്രമിച്ചെന്നും തിരുവനന്തപുരത്തെ മന്ത്രിയാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നും വിനോദ് ആരോപിക്കുന്നു.

2008 ഏപ്രിൽ 1-നാണ് തിരുവനന്തപുരം കൈതമുക്കിലെ പാസ്‌പോർട്ട് ഓഫിസിന് മുന്നിൽ വിഷ്ണു വെട്ടേറ്റ് മരിച്ചത്. സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് കേസെടുത്തതെങ്കിലും, മതിയായ തെളിവുകളുടെ അഭാവത്തിൽ 13 ആർഎസ്എസ് പ്രവർത്തകരെ ഹൈക്കോടതി 2022-ൽ വെറുതെ വിട്ടിരുന്നു.

ENGLISH SUMMARY:

CPM martyr fund scam allegations surface in Thiruvananthapuram, following a similar incident in Payyannur. A local secretary is accused of misappropriating half of the ten lakh rupees collected for the family of Vishnu, who was killed in an RSS attack.