തിരുവനന്തപുരം കോർപറേഷനിൽ മുന്നിൽ നിന്ന് നയിച്ചതോടെ തലസ്ഥാന ജില്ലയിൽ മാർക്കറ്റ് ഏറിയിരിക്കുകയാണ് കെ.എസ്.ശബരീനാഥന്. അരുവിക്കര, തിരുവനന്തപുരം, നേമം ഉൾപ്പെടെ ഒരുപിടി മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയിൽ മുൻപന്തിയിലുണ്ട് ശബരി. നേതൃത്വത്തിന് മുൻപിൽ മനസ് തുറന്നിട്ടുള്ള ശബരി എല്ലാം പാർട്ടിക്ക് വിട്ടിരിക്കുകയാണെന്ന് മനോരമന്യൂസിനോട് പറഞ്ഞു.
തലസ്ഥാന കോർപറേഷനിൽ കോൺഗ്രസിന് തലയുയർത്തി നിൽക്കാവുന്ന വിജയം നേടിക്കൊടുത്തതിന്റെ ഘടകങ്ങളിലൊന്ന് കെ.എസ്.ശബരീനാഥനാണ്. എം.എൽ.എയിൽ നിന്ന് കൌൺസിലറിലേക്കുള്ള തിരിച്ചിറക്കം പുതിയ സാഹചര്യത്തിൽ ശബരിക്ക് അനുകൂലമായെന്നതാണ് പ്രത്യേകത. മണ്ഡലം തെളിഞ്ഞിട്ടില്ലെങ്കിലും മത്സരിക്കാൻ ശബരിയുമുണ്ടാകും.
ജി.കാർത്തികേയന്റെ ആക്സമിക വിയോഗത്തിലാണ് ശബരീനാഥന്റെ രാഷ്ട്രീയപ്രവേശനം. ഉമ്മൻചാണ്ടി സർക്കാർ നേരിട്ട അവസാന ജനകീയപരീക്ഷയിൽ അഭിമാനവിജയമാണ് ടാറ്റയിലെ ജോലി വിട്ട് അരുവിക്കര കാക്കാൻ ഇറങ്ങിയ ശബരി നേടിക്കൊടുത്തത്. 2016ൽ ഭൂരിപക്ഷം 21000 കടത്തി അരുവിക്കര ഭദ്രമാക്കിയ ശബരിക്ക് കഴിഞ്ഞതവണ കാലിടറി. അപ്പോഴും ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് തോൽവി 5000 വോട്ടിൽ പിടിച്ചുനിർത്തി. അരുവിക്കരയിലെ പട്ടികയിലും ശബരി തന്നെ മുൻപിൽ നേമത്ത് ആരെ ഇറക്കുമെന്ന ചോദ്യത്തിനും നേതൃത്വം ചൂണ്ടിക്കാണിക്കുന്നതിൽ ഒരു പേര് ശബരി തന്നെ. ഏതായാലും ജയവും പരാജയവും രുചിച്ച് ഈ കളരിയിലെ അകവും പുറവും കൃതമായി മനസിലാക്കിയ ശബരി നേതൃത്വത്തിന് മുൻപിൽ മനസ് തുറന്നിട്ടുണ്ട്.