kuttiyadi

2021ലെ പോരാട്ടം ആവര്‍ത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള മണ്ഡലമാണ് കോഴിക്കോട്ടെ കുറ്റ്യാടി.  കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് വിട്ടുകൊടുത്തതിന്റ പേരില്‍ കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലത്തില്‍ സി.പി.എം –മുസ്‌ലിംലീഗ് നേര്‍ക്കുനേര്‍ പോരാട്ടത്തിനായിരിക്കും ഇക്കുറിയും  കളമൊരുങ്ങുക.  

സി പി എം നേതൃത്വത്തെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു 2021 ല്‍  അണികള്‍ തെരുവിലിറങ്ങിയത്. കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്ത സീറ്റ് തിരിച്ചെടുക്കണമെന്ന അണികളുടെ കാര്‍ക്കശ്യത്തിന് മുന്നില്‍ ഒടുവില്‍ നേതൃത്വത്തിന് വഴങ്ങേണ്ടി വന്നു. കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എയായി. ഇത്തവണ  എന്തുവന്നാലും കുറ്റ്യാടി കിട്ടണമെന്ന് കേരള കോണ്‍ഗ്രസ് ആദ്യം നിലപാടെടുത്തെങ്കിലും ഇപ്പോള്‍ അയഞ്ഞ മട്ടാണ്. കുറ്റ്യടി കൊടുത്താല്‍ കഴിഞ്ഞതവണത്തെപ്പോലെ എതിര്‍പ്പ് ഉയരുമെന്ന് സി പി എമ്മിനും അറിയാം. അതുകൊണ്ടുതന്നെ കെ പി കുഞ്ഞമ്മദ് കുട്ടിയെതന്നെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനായിരിക്കും സി പി എം ശ്രമം. മറുവശത്ത്  മുന്‍ എം എല്‍ എകൂടിയായ പാറയ്ക്കല്‍ അബ്ദുള്ള തന്നെയായിരിക്കും മുസ്ലീംലീഗ് സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

2021 ല്‍ 333 വോട്ടിന് പാറയ്ക്കല്‍ അബ്ദുള്ള തോറ്റ മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍  4558 വോട്ടിന്റ ഭൂരിപക്ഷമുണ്ട് യുഡി എഫിന്.ആകെയുള്ള എട്ടുപഞ്ചായത്തില്‍ നാലിടത്ത് യുഡിഎഫിനും മൂന്നിടത്ത് എല്‍ ഡിഎഫിനുമാണ് ഭരണം. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ കുന്നമ്മല്‍ പഞ്ചായത്തില്‍ ഏരിയാസെക്രട്ടറി  തോറ്റത് സിപി എമ്മില്‍ കടുത്ത ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. 

ENGLISH SUMMARY:

Kuttiyadi election is expected to see a fierce CPM-Muslim League contest, reminiscent of 2021. Despite UDF's local body dominance, CPM aims to retain the constituency with KP Kunhammed Kutty, while Muslim League likely fields Parakkal Abdulla.