ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ് എം.എം. മണി. ബിജെപിയില്‍ ചേര്‍ന്നെന്ന് പറഞ്ഞ് ഞങ്ങളുടെ മെക്കിട്ട് കേറിയാല്‍ സഖാക്കള്‍ കൈകാര്യം ചെയ്യണമെന്ന് മണി മൂന്നാറിലെ പൊതു യോഗത്തില്‍ പറഞ്ഞു.
പണ്ട് ചെയ്യാന്‍ മടിച്ചത് ചെയ്യിപ്പിക്കരുത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്നും പറഞ്ഞ് പ്രത്യേക ആക്ഷനോടെയാണ് മണിയുടെ പ്രസംഗം. പാര്‍ട്ടിയില്‍ നിന്നും ആനുകൂല്യങ്ങള്‍ പറ്റി വെല്ലുവിളിച്ചാല്‍ താനാണെങ്കിലും തല്ലികൊല്ലണമെന്നും എംഎം മണി പറഞ്ഞു. എംഎല്‍എ ആക്കി എല്ലാ കാലത്തും ചുമക്കാനാകുമോയെന്ന് ചോദിച്ച മണി പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യുമെന്നും പറഞ്ഞു.
മൂന്നു തവണ ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടിയില്‍ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലെത്തിയതിനാല്‍ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു മണിയുടെ നേരത്തെയുള്ള പ്രതികരണം.