2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ പ്രചരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിനെ കിണറ്റില്‍ ഇറക്കിയത് താനാണെന്ന് കെ.എം.ഷാജി. മോണിങ് വാക്ക് ,നൂണ്‍ വാക്ക് എന്നൊക്കെ പറഞ്ഞ് അന്ന് ആകെ ബഹളമായിരുന്നു. തിരഞ്ഞെടുപ്പിന്‍റെ ഒരു മര്യാദയുമില്ലാതെയാണ് അന്ന് നികേഷ് നടന്നത്. അതുകൊണ്ട് ഒന്ന് ശരിയാക്കിയതാണ്. അവിടെ നിന്ന ആളുകളെ കൊണ്ട് നികേഷിനെ കിണറ്റിലിറക്കിയത് താനാണെന്നും അതില്‍ ഇറങ്ങിയാല്‍ ട്രെന്‍ഡാകുമെന്ന് പറഞ്ഞതോടെ നികേഷ് ഇറങ്ങിയെന്നും ഷാജി പറയുന്നു. പൊട്ടനായത് കൊണ്ടാണ് ഇറങ്ങിയതെന്നും അല്ലെങ്കില്‍ ആരെങ്കിലും വെള്ളമെടുക്കാന്‍ കിണറ്റിലിറങ്ങിക്കണ്ടിട്ടുണ്ടോയെന്നും ഷാജി ചോദിക്കുന്നു. മണിക്കൂറുകള്‍ക്കകം അതേ കിണറ്റിലെ വെള്ളം കുടിച്ച് അടുത്ത വിഡിയോ ഷാജി അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ഷാജിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.. 'ഒരു ദിവസം എന്നെ ഉന്നമിട്ട് ഇഞ്ചിയെ കുറിച്ചുള്ള ചർച്ച...ഒരു മണിക്കൂർ. ഇഞ്ചി അങ്ങനെയാണ്, ഇഞ്ചി ഇങ്ങനെയാണ്, ഈ ഷാജി എങ്ങനെയാണ് ഇങ്ങനെ ഇഞ്ചി വിറ്റ് പൈസ ഉണ്ടാക്കിയത് എന്നെല്ലാം. അവസാനം അതേ ചാനലിന്‍റെ മുതലാളി പറയുകയാണ്, അന്ന് നമ്മൾ പറഞ്ഞത് തെറ്റാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ ടാക്സ് കൊടുക്കുന്ന ഒരാൾ ഇഞ്ചി കച്ചവടം ചെയ്യുന്നവനാണ്, അതേ ചാനലിൽ നിന്നിട്ട്. ഇയാൾ എന്‍റെ പേര് പറഞ്ഞില്ല. കേസ് വന്നേക്കുമോ? എന്ന് ഭയന്നിട്ട്.പക്ഷെ ഞാൻ അയാളുടെ പേര് പറയൂല്ല. പറയാതെ തന്നെ നാട്ടുകാർക്ക് അറിയാം.
എടോ ഞാൻ അഴീക്കോട് മത്സരിച്ച് 10 കൊല്ലം എംഎൽഎ ആയിട്ടാണ് രണ്ടാമത് മത്സരിക്കാൻ നോമിനേഷൻ കൊടുത്തത്. തോറ്റു പോയി. പിന്നെ ഏത് കേസിന്‍റെ പേരിലാണ് ഷാജി എംഎൽഎ അല്ലാതെ ആയത്? നിങ്ങൾ കള്ളക്കേസ് ഉണ്ടാക്കി. കാരണം നികേഷ് കുമാറിനെയാണ് ഞാൻ എതിർത്തത്. ഞാൻ കിണറിൽ ഇറക്കിയതില്‍ അയാൾക്ക് ദേഷ്യമായി. എന്നാല്‍ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഒരു സത്യം ഞാൻ പറയട്ടെ, അയാളെ കിണറിൽ ഇറക്കിയത് ഞാനാണ്. അയാൾ ഇറങ്ങിയതല്ല. കാരണം ഇയാള്‍ക്ക് ഒരു ഇലക്ഷന്‍റെ മര്യാദ ഒന്നുമില്ല. ആകെ ഇടങ്ങാറാക്കി. അവിടെ വന്നിട്ട് മോണിങ് വാക്ക്, നൂൺ വാക്ക് ഇതൊക്കെ പറഞ്ഞിട്ട്. രാഷ്ട്രീയല്ലേ.. എന്തൊക്കെ ഗിമ്മിക്കുകള്‍. എനിക്ക് അറിയാമായിരുന്നു ഇയാളെ ഒന്ന് ശരിയാക്കാം ഞാൻ രണ്ടുമൂന്ന് ആളോട് പറഞ്ഞു. വെള്ളം എടുക്കാന്‍ ഒന്ന് ഇറങ്ങി നില്‍ക്ക്. അതൊരു ട്രെൻഡ് ആകും എന്ന് പറഞ്ഞു. ആ സാധു ഇറങ്ങിയതാണ്. 10 മിനിറ്റ് കൊണ്ട് ഞാൻ അവിടെ ചെന്നിട്ട് വേറെ വിഡിയോ ഉണ്ടാക്കി. എന്താ അയാള്‍ ഇറങ്ങാന്‍ കാരണം എന്നറിയോ? പൊട്ടനാണ് അല്ലെങ്കിൽ ഇറങ്ങുമോ? ആരെങ്കിലും കിണറ്റിൽ ഇറങ്ങി വെള്ളമെടുത്ത് ലോകത്ത് കണ്ടിട്ടുണ്ടോ? മരിക്കാൻ ചാടിയിട്ടുണ്ട് കിണറ് നന്നാക്കാൻ ഇറങ്ങിയിട്ടുണ്ട്.
എടോ കിണറേഷേ, ഞാൻ ഇറക്കിയതാണ്. അത് മനസ്സിലാക്കിക്കോളൂ നിങ്ങള്‍. കിണറിൽ ഇറക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന്‍റെ ദേഷ്യം ഇങ്ങനെ കള്ളത്തരം ഉണ്ടാക്കലല്ല. അയാൾ ഉണ്ടാക്കിയ നോട്ടിസ് മുഴുവൻ കള്ളമാണ്. ആ നോട്ടിസിന് കോടതിയിൽ നിന്ന് അംഗീകാരം കിട്ടിയിട്ട് 10 കൊല്ലം എംഎൽഎ ആയ ആളാണ് ഞാൻ. എന്നിട്ട് ഈ പറയുന്ന ആളുകള്‍ ഒരാളും രണ്ടാളുമല്ല, എകെജി സെന്‍ററിലെ ശമ്പളം പറ്റുന്ന ധൈര്യമുള്ള 100 പേരുണ്ടെങ്കിൽ വാ, ഞാൻ ഒറ്റയ്ക്ക് മതി.
ഒരു സംവാദം നടത്തൂ നിങ്ങൾ. അത് ചാനൽ മുറിയിൽ പറ്റൂല. കാഞ്ഞങ്ങാട് ഇവിടെ സ്റ്റേജ് കെട്ടാം. കെ.എം.ഷാജിയുടെ നാവിൽ നിന്ന് മറ്റേതെങ്കിലും ഒരു മതത്തെ ആക്ഷേപിക്കുന്ന ഒരു വാക്ക് തെളിയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ പരസ്യമായി മാപ്പ് പറഞ്ഞ് ഞാൻ വരും നിങ്ങളുടെ അടുത്ത്. പരസ്യമായിട്ട് മാപ്പ് പറയാം. ചാനല്‍ മുറിയിൽ വരൂല. നിങ്ങൾ കട്ട് ചെയ്യും. പുറത്ത് വാ.തെരുവില്‍ വാ. ജനങ്ങളുടെ മുമ്പില്‍ വാ. അവിടെ ചോദിക്കാൻ ആളില്ല എന്ന് വെച്ചിട്ട് ധൈര്യം കാണിച്ചിട്ട് കാര്യമില്ല. ഞാൻ നിങ്ങളോട് പറയുന്നു നിങ്ങൾ പറഞ്ഞ കേസ്. ഇതുപോലെയല്ലേ അഴിമതി കേസ് പറഞ്ഞത്?
എന്തെടോ ചാനലിൽ കെ എം ഷാജിയുടെ 25 ലക്ഷം രൂപ പറയാത്തത്? വീട് റെയ്ഡ് ചെയ്തത് പറയാത്തത്? എന്നെ ഇഡി ചോദ്യം ചെയ്തത് പറയാത്തത്? കോടതി വലിച്ചെറിഞ്ഞതാണ്. അറിയുമോ നിങ്ങള്? എന്‍റെ വീട്ടിൽ നിന്ന് പൈസ പിടിച്ചു എന്നാണ് തിരഞ്ഞെടുപ്പിന്‍റെ പിറ്റേ ദിവസം. ആ പണം കെ.എം.ഷാജിയുടെ സേഫിൽ തിരിച്ചു കൊണ്ടുപോയി വെച്ചിട്ടുണ്ട് നിന്‍റെ പിണറായി വിജയന്‍റെ പൊലീസ്. കേരളത്തിൽ ഒരു രാഷ്ട്രീയക്കാരന്‍റെയും കൊടുത്തിട്ടില്ല. എടോ ഇഡിയുടെ കേസ് എല്ലാവരുടെ പേരിലും ഉണ്ട്. എന്‍റെ പേരിലുള്ള കേസ് നിൽക്കൂല. സുപ്രീം കോടതി വലിച്ചെറിഞ്ഞതാണ്. എന്നിട്ട് ആക്ഷേപിക്കാൻ വരുകയാ. ഒരു കാര്യം ഓർത്തോ നിങ്ങൾ വിചാരിക്കുന്ന ഗണത്തിൽ നാല് ചാനലിനെ കൂട്ടുപിടിച്ചിട്ട് എന്നെ ശരിയാക്കാം എന്ന് വിചാരിച്ചാൽ നടക്കുന്ന സൈസ് അല്ല എന്ന് ഉറപ്പിച്ചു വെച്ചോ നിങ്ങൾ.
ആ കളി. നിങ്ങൾ വേറെ കളിച്ചോളണം. വേറെ കളിച്ചോളണം. എന്‍റെ അടുത്താണല്ലോ വേണ്ടത്. ഒരു കാര്യം മാത്രമേ ഞാൻ പറയുന്നുള്ളൂ. എന്തൊക്കെയാ വിളിക്കേണ്ടത്? ആദ്യം പറയാ, ഇവൻ കുമ്മനം ഷാജിയാണ്. പിന്നെ പറയാ, മോദി ഭക്തനാണ്. പിന്നെ പറയാ, വേറൊരുത്തൻ ഇതൊക്കെ പറഞ്ഞിട്ട് പിന്നെ പറയാണ്, ഇവൻ ഭയങ്കര വർഗീയവാദിയാണ്. മുസ്ലിം വർഗീയവാദിയാണ്. അത് കഴിഞ്ഞിട്ട് വേറൊരുത്തൻ പറയാണ്, ഏയ്, ഇവൻ പണ്ഡിതന്മാരെ ചീത്ത പറയുന്ന ഹമുക്കാണ്. അപ്പോ ഞാൻ പിന്നെ എന്താടോ? ഇസ്ലാമിലും ഇല്ല. അതും പോയോ? ഇതിന്‍റെയകത്തുമില്ല. നിങ്ങൾ നിങ്ങൾ എന്ത് എന്ത് തരത്തിലാണ് ആക്ഷേപം നിങ്ങൾക്ക് വിഷമം ഉണ്ട്. വിഷമിച്ചിട്ട് കാര്യമില്ല. റൂഹ് പോകുന്നതുവരെ നിന്റെ നെറികേടുകൾക്കെതിരെ സംസാരിച്ചുകൊണ്ട് തന്നെ നിൽക്കും. വളയാത്ത നട്ടെല്ല് ഉയർത്തിപ്പിടിച്ച് പറയും.
ഞങ്ങളൊക്കെ ആവേശം കൊണ്ടത് ഒളിവീടുകളിൽ പോയി നിൽക്കുന്ന എകെജിയിൽ നിന്നല്ല നെഞ്ചുവിരിച്ചു കേരളത്തിന്‍റെ മുമ്പിൽ നിന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബിൽ നിന്നാണ് ഞങ്ങൾ ആവേശം കൊള്ളുന്നത് അവരിൽ നിന്നാണ് ഞാൻ ഇവിടെ ഉണ്ടാവും ധൈര്യം ഉണ്ടെങ്കിൽ വാ. എന്‍റെ സിപിഎമ്മുകാരാ നാശത്തിലേക്കുള്ള പോക്കാണ്. എം.എ.ബേബിക്ക് അത് മനസ്സിലായി. അയാൾ ഓൾ ഇന്ത്യ സെക്രട്ടറി ആണ് അതുകൊണ്ടാണ് അയാൾ വീട്ടിൽ കയറി പാത്രം കഴുകി മോഡൽ കാണിച്ചത്. കാരണം എന്താണ് അറിയോ? 35 കൊല്ലം ഭരിച്ച ബംഗാളിൽ നിന്നും ത്രിപുരേന്നും ഒക്കെ ആൾക്കാര് വന്നിട്ടാണ് ഇവിടെ പൊറോട്ടയും ഹോട്ടലിലെ പാത്രങ്ങളും ഒക്കെ നടക്കുന്നത്.
അതിന്‍റെ ട്രെയിനിങ് ആണ്. ഈ പണി നിങ്ങൾ ചെയ്യേണ്ടി ആയിരുന്നു എംഎബേബി കാണിച്ചു തന്നതാണ്. അത് മനസ്സിലാക്കിയാൽ മതി. അതുകൊണ്ട് ആ രാഷ്ട്രീയം അവിടെ വെച്ചാൽ മതി. നിങ്ങളുടെ വൃത്തികെട്ട വർഗീയതയുടെ രാഷ്ട്രീയത്തിലേക്ക് എന്നെ ചേർത്തു വെക്കാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ...ഒരു കാര്യം കൂടി പറയട്ടെ. എന്താണ് സജി ചെറിയ മാപ്പ് പറഞ്ഞു. കാരണം അയാൾ വർഗീയത പറഞ്ഞതാണ്. ഞാൻ മാപ്പ് പറയാം. എങ്ങനെ? മതമല്ല മതമല്ല മതമല്ല, മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന് പറഞ്ഞു അല്ലേ? അപ്പോൾ തിരിച്ചു പറയേണ്ടത് എന്താണ്? മതമല്ല, മതമല്ല, മതമല്ല പ്രശ്നം എന്നല്ലേ പറയേണ്ടത്? പോയി പണി നോക്കടോ. എനിക്ക് എന്‍റെ മതം പ്രശ്നമാണ്. എന്നെ തിരഞ്ഞെടുപ്പില്‍ തോൽപ്പിക്കാൻ പറ്റുന്ന, എന്നെ വെട്ടും എന്നാ? എന്നെ ഇല്ല്യാണ്ടാക്കും എന്നാ? അല്ലേ? എന്‍റെ വിശ്വാസം എനിക്ക് വലുതാണ്. എന്‍റെ ജീവനേക്കാൾ വലുതാണ്. അതുകൊണ്ട് ഞാൻ അത് മാറ്റി പറയൂല.
രണ്ടാമത് എന്താ പറയേണ്ടത്? ഷാജി പറഞ്ഞ അപകടം എന്താണ് അറിയോ നിങ്ങൾ? നഷ്ടപ്പെട്ടു പോയത് തിരിച്ചു പിടിക്കും. അപ്പോൾ ഷാജി എന്താ പറയേണ്ടത്? പറയേണ്ടത് നഷ്ടപ്പെട്ടു പോയത് തിരിച്ചു പിടിക്കൂല. കൊക്കില് ജീവനുണ്ട് തിരിച്ചു പിടിച്ചിരിക്കും. മാറ്റി പറയല്ലേടോ. നിന്‍റെ സജി ചെറിയാൻ പറഞ്ഞ പോലത്തെ വൃത്തികേടല്ല ഷാജി പറഞ്ഞത്. നിന്റെ നിന്റെ എ.കെ.ബാലൻ പറഞ്ഞ വൃത്തികേടല്ലേ ഷാജി പറഞ്ഞത്. അതുകൊണ്ട് തിരുത്തേണ്ടിയും വരില്ല. സ്നേഹപൂർവ്വം ഞാൻ പറയട്ടെ ധൈര്യപൂർവ്വം മുന്നോട്ടു പോവുക.
കേരളം ഇവിടെയുണ്ട്. ജനങ്ങൾ കൂടെയുണ്ട്. ഇടതുപക്ഷം ഉണ്ട് നമ്മുടെ കൂടെ. ഈ ഈ സിപിഎം എന്ന് പറയുന്ന വലതുപക്ഷം അല്ല. അത് ഇടതുപക്ഷമല്ല. പിണറായി വിജയൻ എന്ന കോർപ്പറേറ്റിന്റെ കീഴിൽ നിൽക്കുന്ന മുതലാളിമാർ.. അവർക്കെതിരെ നടക്കുന്ന ജനകീയ പോരാട്ടത്തിന് തുടക്കമാവട്ടെ ഈ വിജയം എന്ന് ആഗ്രഹിച്ചുകൊണ്ട് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് നിർത്തുന്നു.