പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമതിയില്ലാതെ കൊടികളും ഫ്ലെക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പറേഷന്‍ വക പിഴ. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കാനാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാണ് ബിെജപി സിറ്റി ജില്ലാ കമ്മിറ്റിക്ക് കോര്‍പറേഷന്‍ 20 ലക്ഷം രൂപയുടെ പിഴ നോട്ടിസ് അയച്ചത്.
ഡിവൈഡറുകളിലും നടപ്പാതകള്‍ക്ക് കുറുകെയും പ്രധാനമന്ത്രിയുടെയും നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഇവ നീക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ബിജപി സിറ്റി ജില്ലാ പ്രസിഡന്‍റിന് കത്ത് നല്‍കിയെങ്കിലും നടപ്പാതയ്ക്ക് കുറുകെയുള്ള ബോര്‍ഡുകള്‍ മാത്രമാണ് മാറ്റിയത്. ഇതെത്തുടര്‍ന്ന് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള റോഡിൽ സ്ഥാപിച്ച ബോർഡുകളുടെയും മറ്റും കണക്കെടുത്തശേഷമാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടിസ് നൽകിയത്.
ആദ്യ നോട്ടിസിന് മറുപടി ലഭിച്ചില്ലെങ്കില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ രണ്ടാമത് നോട്ടിസ് നൽകും. ഇതിനും മറുപടി കിട്ടിയില്ലെങ്കിൽ രണ്ടു തവണ ഹിയറിങ് നടത്തണം. ഈ ഹിയറിങ്ങിലും പങ്കെടുത്തില്ലെങ്കിൽ ജപ്തി നടപടികളിലേക്കു കടക്കും.