മുതിര്‍ന്ന നേതാക്കളും അണികളും അറിയാതെയുള്ള എന്‍ഡിഎ പ്രവേശത്തെ ചൊല്ലി ട്വന്‍റി 20യില്‍ പൊട്ടിത്തെറി. ചിലര്‍ നേതൃത്വത്തിനൊപ്പമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഒരു വിഭാഗം പരസ്യമായി നിലപാടെടുത്തു കഴിഞ്ഞു. എന്‍ഡിഎയില്‍ ട്വന്‍റി 20 അംഗമായത് അംഗീകരിക്കാനാവില്ലെന്ന് തൃക്കാക്കര നഗരസഭാംഗം റെനി തോമസ് തുറന്നടിച്ചു. സ്വതന്ത്ര പാര്‍ട്ടിയെന്ന നിലയിലാണ് താന്‍ അംഗമായതും മല്‍സരിച്ചതും എന്നും പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം തങ്ങളോടൊന്നും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ ഭൂരിഭാഗം പേരും എന്‍ഡിഎ പ്രവേശത്തെ പിന്തുണച്ചുവെന്നും ഒന്നോ രണ്ടോ ശതമാനം പേര്‍ മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമായിരുന്നു സാബു എം.ജേക്കബിന്‍റ പ്രതികരണം. ആശയപരമായ തീരുമാനമെടുക്കുമ്പോള്‍ ചിലര്‍ പോയെന്ന് വരാമെന്നും വൈകുന്നേരം കോലഞ്ചേരിയില്‍ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയില്‍ ചേര്‍ന്നത് സംബന്ധിച്ച് മേല്‍ഘടകത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് റെജി വര്‍ഗീസിന്‍റെ പ്രതികരണം. തീരുമാനം പിന്നീട് പറയാമെന്ന് പുതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് ജോമോനും പ്രതികരിച്ചു.
ട്വന്‍റി 20യുടെ എന്‍ഡിഎ പ്രവേശം രാഷ്ട്രീയ കച്ചവടമാണെന്നായിരുന്നു എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രതികരണം. ട്വന്‍റി 20 നനഞ്ഞ പടക്കമാണെന്നും കമ്പനിയുടെ ലാഭം നോക്കിയാണ് സാബു എം. ജേക്കബ് എന്‍ഡിഎയില്‍ എത്തിയതെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നേരത്തെ പ്രതികരിച്ചിരുന്നു. ട്വന്‍റി 20യുടെ ബിജെപി ബന്ധം സിപിഎം നേരത്തെ പറഞ്ഞതായിരുന്നുവെന്നും അത് യാഥാര്‍ഥ്യമായല്ലോ എന്നുമായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷന്‍റെ പ്രതികരണം. സാബു എം. ജേക്കബിന്‍റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ പോക്കെന്നായിരുന്നു പി.വി.ശ്രീനിജന്‍ എംഎല്‍എയുടെ പ്രതികരണം.