sasi-tharoor

ഡല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയ തരൂര്‍, നേതാക്കളുടെ ഫോണെടുക്കാന്‍ പോലും തയാറായിട്ടില്ല. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി അവഗണിച്ചെന്ന് ആരോപിച്ചാണ് തരൂര്‍ വിട്ടുനിന്നത്.

മഹാ പഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി വേദിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രസംഗിക്കണമെന്നും രാഹുല്‍ എത്തിക്കഴിഞ്ഞാല്‍ ആര്‍ക്കും പ്രസംഗിക്കാന്‍ അവസരമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. അതനുസരിച്ച് ആദ്യം പ്രസംഗിച്ചു. പക്ഷെ രാഹുല്‍ വേദിയിലെത്തിയിട്ടും പിന്നെയും അഞ്ചുപേര്‍ക്ക് കൂടി പ്രസംഗിക്കാന്‍ അവസരം കൊടുത്തു. രാഹുല്‍ എത്തും മുമ്പ് തന്നെ പ്രസംഗം തീര്‍ക്കുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നാണ് തരൂര് കരുതുന്നത്. താന്‍ വേദിയിലിരിക്കുന്നത് കണ്ടിട്ടും പ്രസംഗത്തിനിടെ ഒരിടത്തുപോലും രാഹുല്‍ഗാന്ധി തന്റെ പേര് പരാമര്‍ശിച്ചില്ല. ഇതാണ് തരൂരിന്റ കടുത്ത അതൃപ്തിക്ക് കാരണം.

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന തരൂരിനെ രാവിലെ മുതല്‍ ദീപ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തരൂരുമായി അടുപ്പം പുലര്‍ത്തുന്ന എം.കെ.രാഘവന്‍ എംപി വഴി നടത്തിയ ശ്രമങ്ങളും വിജയിച്ചിട്ടില്ല. അതേസമയം യോഗത്തിന് എത്തില്ലെന്ന് തരൂർ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് കൊടിക്കുന്നിൽ സുരേഷ് എം.പി പറയുന്നത്.

അതേസമയം, കോഴിക്കോട്ടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തശേഷം ഇന്നുതന്നെ തരൂര്‍ കൊച്ചിയിലേക്ക് മടങ്ങിയേക്കും. ഈ മാസം ആദ്യം വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് ക്യാംപില്‍ നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെല്ലാം അവസാനിപ്പിച്ച് മുഴുവന്‍സമയവും പങ്കെടുത്ത തരൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നതാണ്.

ENGLISH SUMMARY:

Shashi Tharoor MP has reportedly boycotted the Congress candidate selection meetings in Delhi following alleged disrespect during Rahul Gandhi's 'Mahapanchayat' in Kochi. Tharoor expressed strong dissatisfaction after being asked to finish his speech before Rahul Gandhi's arrival, only to see five other leaders permitted to speak even after the high command arrived. Furthermore, the MP was upset that Rahul Gandhi failed to mention his name even once during the keynote address despite Tharoor being present on stage. Senior AICC leaders, including Deepa Dasmunshi, attempted to contact Tharoor in Kozhikode to pacify him, but the MP reportedly refused to take their calls. Efforts by his close associate M.K. Raghavan MP also failed to yield results, highlighting the severity of the rift.