തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമല സ്വർണ്ണ കൊള്ള വൻ തിരിച്ചടിയാകും എന്ന് മുന്നിൽകണ്ട് പ്രതിരോധം വിട്ട് ആക്രമണത്തിലേക്ക് മാറി സർക്കാർ. സ്വർണം കട്ടത് ആരപ്പാ എന്ന് പ്രതിപക്ഷം സഭയിൽ പാരഡി പാട്ട് പാടിയപ്പോൾ കോൺഗ്രസ് ആണേ അയ്യപ്പ എന്ന് മറുപടി പാട്ടുപാടിയാണ് ഭരണപക്ഷം എതിരിട്ടത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ പിരിഞ്ഞപ്പോൾ പ്രതിപക്ഷം സഭക്ക് പുറത്തേക്ക് മാർച്ച് ചെയ്യുന്നതിന് മുമ്പ് മുദ്രാവാക്യം വിളികളുമായി ഭരണപക്ഷം സഭക്ക് പുറത്തേക്ക് മാർച്ച് ചെയ്തതും ആസാധാരണക്കാഴ്ചയായി.
പ്രതിപക്ഷത്തിരിക്കാൻ ഉള്ള പരിശീലനം എന്നാണ് ഭരണപക്ഷം നടപടിയെ പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം ആളികത്തിച്ച ശബരിമല സ്വർണ്ണക്കൊള്ള വിഷയം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണായുധമായാൽ തിരിച്ചടി കനത്തതായിരിക്കും എന്ന തിരിച്ചറിവിൽ ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം എന്ന തന്ത്രത്തിലേക്ക് മാറുകയാണ് സർക്കാർ. അതിന്റെ ആദ്യപടിയാണ് ഇന്ന് സഭയിൽ കണ്ടത്. സ്വർണ്ണക്കൊളയിൽ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി പോറ്റിയ കേറ്റിയ പാരഡി പാട്ട് പാടിയ പ്രതിപക്ഷം.
സ്വർണ്ണം കട്ടത് ആരപ്പാ എന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചപ്പോൾ കോൺഗ്രസ് ആണ് അയ്യപ്പ എന്ന് മറുപടിയുയർന്നത് ഭരണ ബെഞ്ചിൽ നിന്ന്. പോറ്റിക്ക് ഒപ്പമുള്ള സോണിയ ഗാന്ധിയുടെ ചിത്രങ്ങളും പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധവും ഉയർത്തി
സഭക്കകത്ത് മന്ത്രിമാർ തന്നെ പ്രത്യാക്രമണത്തിന് നേതൃത്വം നൽകി. ബഹളത്തിൽ സഭ പിരിഞ്ഞപ്പോൾ, പ്രതിപക്ഷത്തിന് മുമ്പ് മുദ്രാവാക്യം വിളികളുമായി ഭരണപക്ഷം സഭക്ക് പുറത്തേക്ക് നീങ്ങി. സിപിഎം അംഗങ്ങളെ കാൾ സിപിഐ കേരള കോൺഗ്രസ് മാണി തുടങ്ങിയ ഘടകകക്ഷി അംഗങ്ങളെ മുൻനിർത്തിയായിരുന്നു ഈ പ്രകടനം. മാധ്യമങ്ങളുടെ സംസാരിക്കാൻ ഇടതുമുന്നണിയിലെ പുതുസ് സ്വീകാര്യതയുള്ള മുഖം എന്ന നിലയിൽ കെ കെ ശൈലജയെ നിയോഗിച്ചതിലും കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ട്.
ഭരണപക്ഷ നീക്കത്തെ പ്രതിപക്ഷത്തിരിക്കാൻ ഉള്ള പരിശീലനം എന്ന് പരിഹസിച്ചാണ് പ്രതിപക്ഷം നേരിട്ടത്. വിവാദത്തിലേക്ക് സോണിയാഗാന്ധിയെ വലിച്ചിഴക്കുന്ന മന്ത്രിമാർക്ക് സമനില നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ്. ഈ ആക്രമണ തന്ത്രത്തിലൂടെ ശബരിമല വിഷയത്തിലെ പ്രതിപക്ഷ താത്പര്യം കുറച്ചുകൊണ്ടുവരാം എന്നതാണ് സർക്കാർ കരുതുന്നത്. അത് വിജയിക്കുമോ എന്നും കേസിൽ അറസ്റ്റിലായ നേതാക്കളെ പുറത്താക്കാതെ സംരക്ഷിച്ചു നിർത്തുന്ന പാർട്ടി നയം ഉണ്ടാക്കുന്ന തിരിച്ചടി ഇതുകൊണ്ടൊക്കെ മറികടക്കാൻ കഴിയുമോ എന്നും കണ്ടറിയണം.