വിവാദ വര്‍ഗീയ പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍. പ്രസ്താവന പിന്‍വലിക്കുന്നുവെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. തന്‍റെ വാക്കുകള്‍വളച്ചൊടിച്ചുവെന്നും എങ്കിലും ചില സഹോദരങ്ങള്‍ക്ക് വേദനയുണ്ടായതിനാലാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നാണ് സജി ചെറിയാന്റെ വിശദീകരണം. പാര്‍ട്ടിനിര്‍ദേശത്തിനൊപ്പം മുഖ്യമന്ത്രികൂടി പറഞ്ഞതോടെയാണ് ഒരടി പിന്നോട്ടു വെക്കാന്‍ മന്ത്രി തയാറായത്.
പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ ആലോചിച്ചുറച്ച് വന്നതിനിടെയാണ് സാംസ്ക്കാരിക മന്ത്രിയുടെ വാക്കുകള്‍കൈവിട്ടുപോയതും വര്‍ഗീയ പരാമര്‍ശം പരസ്യമായി പറഞ്ഞുവെച്ചതും. വന്‍ വിമര്‍ശനമുര്‍ന്നിട്ടും മൂന്നാം ദിവസമാണ് വാര്‍ത്താകുറിപ്പിലൂടെയെങ്കിലും ഖേദം പ്രകടിപ്പിക്കാന്‍ സജി ചെറിയാന്‍ തയാറായത്. ന്യൂനപക്ഷ വിരുദ്ധ വാക്കുകള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയാണെന്ന് കണ്ടപ്പോഴാണ് നേതൃത്വം ഇടപെടുന്നത്. മുഖ്യമന്ത്രി കൂടി നിര്‍ദേശിച്ചതോടെ വാക്കുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഖേദപ്രകടനം വരുന്നത്. ചില സഹോദരങ്ങള്‍ക്ക് തന്റെ വാക്കുകള്‍ വേദന ഉണ്ടാക്കിയതിനാലും ആത്മീയ നേതാക്കള്‍ തെറ്റിദ്ധരിച്ചതിനാലുമാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്ന് വാര്‍ത്താകുറിപ്പ് പറയുന്നു. തന്‍റെ വാക്കുകള്‍വളച്ചൊടിച്ചു എന്ന് മന്ത്രി അടിവരയിട്ടു പറഞ്ഞു കൊണ്ടാണ് സജി ചെറിയാന്‍റെ ഖേദപ്രകടനം എന്നത് ശ്രദ്ധേമാണ്. മതനിരപേക്ഷമാണ് നിലപാടുകള്‍ എന്നും മതചിന്തകള്‍ക്ക് അതീതമായി എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നും മന്ത്രി പറയുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമ്പോഴെല്ലാം ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്ന വിഴദീകരണവും വാര്‍ത്താകുറിപ്പിലുണ്ട്. സിപിഎമ്മിന്‍റെ ഭൂരിപക്ഷ വര്‍ഘീയ നിലപാടിന്‍റെ അവസാന ഉദാഹരണമെന്ന രീതിയില്‍ പ്രതിപക്ഷം സജി ചെറിയാന്‍റെ വാക്കുകളെ ചിത്രീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമര്‍ശത്തിന്‍റെ തുടര്‍ച്ചയാണിതെന്ന വ്യാഖ്യാനം കൂടി വന്നതോടെയാണ് സര്‍ക്കാരും പാര്‍ട്ടിയും സമ്മര്‍ദ്ദത്തിലായതും തുടര്‍ന്ന് നിലപാട് തിരുത്തുന്നുവെന്ന് പറയാന്‍ മന്ത്രി നിര്‍ബന്ധിതനായതും.
Also Read: കണക്കുകള്‍ നിരത്തി സജി ചെറിയാന് മറുപടി; ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്.
സജി ചെറിയാന്റെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ.
മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ(എം) പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം ഒരു വർഗ്ഗീയതയോടും സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.
എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ പ്രയാസമോ ആർക്കെങ്കിലും വേദനയോ മനസ്സിലാക്കാതെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു