പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ റോഡ് ഷോ ഉള്‍ക്കൊള്ളിച്ചത് ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍റെ നിര്‍ദ്ദേശപ്രകാരം. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികനരേഖ പ്രകാശനം മാത്രമല്ല, ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിനും  വെള്ളിയാഴ്ച മോദി തുടക്കം കുറിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന സമ്മേളത്തിന് ഇരുപത്തയ്യായിരം പേരെ പങ്കെടുപ്പിക്കാനാണ് ബി.ജെ.പി ശ്രമം.  

നിതിന്‍ നബീന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായി ചുമതലയേറ്റവേളയിലാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് ബി.ജെ.പി മേയര്‍ അധികാരത്തിലെത്തിയതിനെക്കുറിച്ച് പറഞ്ഞത്. നേരത്തെ അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലും മോദി തിരുവനന്തപുരത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.  ഈ വിജയത്തിന്‍റെ പ്രതിഫലനം നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി ലക്ഷ്യമിടുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി  യോഗത്തില്‍ പ്രസംഗിച്ചാല്‍ മാത്രം പോര. റോഡ് ഷോയും വേണമെന്ന്  നിതിന്‍‍‍ നബീന്‍ നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്നാണ് നേരത്തെ അജന്‍ഡയിലില്ലാത്ത റോഡ് ഷോ കൂടി ഉള്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തെ വേദിയില്‍ എത്തുന്നതിന് മുമ്പായിരിക്കും പ്രധാനമന്ത്രി റോഡ് ഷോ തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസന രേഖ മേയര്‍ വി.വി. രാജേഷിന് നല്‍കി പ്രകാശനം ചെയ്യുന്നതോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രധാനമന്ത്രി തുടക്കമിടും. തെക്കന്‍ ജില്ലകളില്‍ നിന്ന് 25,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. വികസനം, സുരക്ഷ , വിശ്വാസ സംരക്ഷണം എന്നതാണ് മുദ്രാവാക്യം

ഈമാസം അവസാനം അന്‍പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. സ്ഥാനാര്‍ഥിത്വം ഉറപ്പായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയ്ക്കൊപ്പം  വേദിയിലുണ്ടാകും. ദേശീയ അധ്യക്ഷന്‍ നിതിന്‍‍‍ നബീനും വൈകാതെ കേരളത്തിലെത്തിക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം

ENGLISH SUMMARY:

Narendra Modi's Thiruvananthapuram visit included a roadshow as suggested by BJP National President Nitin Nabeen. The visit marks the beginning of the BJP's election campaign for the upcoming Kerala Assembly elections and includes the release of the Thiruvananthapuram Corporation development document.