saji-cheriyanpressmeet

വർഗീയ പരാമർശം പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയപ്പോഴും  അതിൽ ഉറച്ചുനിന്നു ന്യായീകരിച്ച സജി ചെറിയാന് ഒടുവിൽ പ്രസ്താവന  പിൻവലിക്കേണ്ടിവന്നു. ഖേദവും പ്രകടിപ്പിച്ചു. വിവാദപ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ കൊല്ലത്തെ പൊതുപരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട സജി ചെറിയാൻ പക്ഷേ അവിടെ ഒരു തിരുത്തലിന് തയ്യാറായില്ല. മുഖ്യമന്ത്രിയോടൊപ്പം ചിരിച്ച് വേദിയിൽ ഇരിക്കുന്ന സജി ചെറിയാന്റെ ചിത്രവും പുറത്തു വന്നതോടെ സജിയെ പരസ്യമായി തള്ളിപ്പറയാൻ സിപിഎം സംസ്ഥാന നേതൃത്വവും മടിച്ചു.   ആരു വർഗീയത പറഞ്ഞാലും യോജിക്കുന്നില്ല  എന്നു മാത്രമായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. എന്നാൽ ഇതിനു മുൻപേ തന്നെ സജി ചെറിയാന്റെ പ്രസ്താവനയിൽ സിപിഎം പൊളിറ്റ് ബ്യൂറോയും കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു

Also Read: വിവാദപ്രസ്താവന: മതങ്ങള്‍ക്കതീതമായി എല്ലാവരേയും ഒരുപോലെ കാണുന്നു; ഖേദം പ്രകടിപ്പിച്ച് മന്ത്രി


പാര്‍ട്ടിയെ ദുര്‍ബലമാക്കി, സജി ചെറിയാന്‍ തിരുത്തി

സജി ചെറിയാന്‍റെ  വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന് വിലയിരുത്തലിലാണ്  സിപിഎം കേന്ദ്ര  സംസ്ഥാന നേതൃത്വങ്ങൾ എത്തിയത് . ഇടതുപക്ഷത്തെ ദുര്‍ബലമാക്കുന്നതായി പരാര്‍ശമെന്നാണ് സിപിഎം കേന്ദ്രനേതൃത്വം സ്വീകരിച്ച നിലപാട് .   

തിരുത്ത് പലരെയും വിഷമിപ്പിച്ചപ്പോൾ

സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചെങ്കിലും പാർട്ടിയോ മുഖ്യമന്ത്രിയോ പറഞ്ഞിട്ടാണ് പിൻവലിക്കുന്നത് എന്ന പരാമർശം വാർത്താക്കുറിപ്പിൽ ഇല്ല. തന്റെ പ്രസ്താവന തന്റെ സഹോദരങ്ങളെ വേദനിപ്പിച്ചത് കൊണ്ടാണ് പിൻവലിക്കുന്നത് എന്നതിനാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. ഖേദം പ്രകടിപ്പിച്ചുള്ള സജി ചെറിയാന്റെ പ്രസ്താവന ഇങ്ങനെ

‘കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ.

മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ(എം) പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം ഒരു വർഗ്ഗീയതയോടും സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.

എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ പ്രയാസമോ ആർക്കെങ്കിലും വേദനയോ മനസ്സിലാക്കാതെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു

ENGLISH SUMMARY:

Saji Cheriyan controversy involved a controversial statement that led to a retraction and expression of regret. The incident raised concerns within the CPM and among the public, prompting a reevaluation of the remarks.