കോഴിക്കോട് കൊടുവള്ളിയില്‍ LDF സ്ഥാനാര്‍ഥിയായി മുന്‍ MLA കാരാട്ട് റസാഖ് വീണ്ടുമെത്താന്‍ സാധ്യത. UDF സ്ഥാനാര്‍ഥിയായി പ്രമുഖന്‍ എത്തുമെന്ന് ഉറപ്പായതോടെയാണ് കാരാട്ട് റസാഖിനെക്കുറിച്ച് എല്‍ഡിഎഫ് വീണ്ടും ചിന്തിക്കാന്‍ കാരണം. പാര്‍ട്ടി തീരുമാനിച്ചാല്‍ പരിശോധിക്കുമെന്ന് കാരാട്ട് റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു.
2016 ല്‍ മുസ് ലിം ലീഗിന്‍റെ എംഎ റസാഖിനെ 573 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന് വേണ്ടി കാരാട്ട് റസാഖ് അട്ടിമറിച്ചത്. എന്നാല്‍ 2021 ല്‍ എതിരാളിയായി എം.കെ. മുനീര്‍ എത്തി. ഇതോടെ 6344 വോട്ടുകള്‍ക്ക് തോറ്റു. ഇക്കുറി പി.കെ. ഫിറോസ് അടക്കമുള്ളവരുടെ പേരുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേള്‍ക്കുന്ന പശ്ചാത്തലത്തിലാണ് കാരാട്ട് റസാഖിനെക്കുറിച്ച് എല്‍ഡിഎഫ് വീണ്ടും ആലോചിക്കുന്നത്.
കാരാട്ട് റസാഖിന്‍റെ ആരോഗ്യപ്രശ്നങ്ങളിലാണ് സിപിഎമ്മിനും മുന്നണിക്കും സംശയം. ഇത് കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് ഇതിനിടയില്‍ ഒന്നിടഞ്ഞുവെങ്കിലും പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ചിട്ടുണ്ട്. മറ്റു ചില പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണങ്ങളെല്ലാം അഭ്യൂഹം മാത്രം.