TOPICS COVERED

ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നേതാക്കൾ വീടുകൾ കയറുന്ന പാർട്ടി രീതിക്ക് തിരുത്തൽ നിർദേശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം നേതാക്കൾ ഗൃഹ സന്ദർശനം നടത്തുന്ന രീതിയിൽ മാറ്റം വരണമെന്ന് കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചു. ജനങ്ങളുമായിട്ടുള്ള ബന്ധം സിപിഎം നേതാക്കളും പ്രവർത്തകരും നിരന്തരം കാത്തുസൂക്ഷിക്കണം. ഗൃഹസമ്പർക്ക പരിപാടികൾ പതിവാക്കാൻ കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റി നിർദ്ദേശം നൽകി. നിലവിലെ ഗൃഹസന്ദര്‍ശന പരിപാടി വിലയിരുത്താന്‍ വെള്ളി, ശനി ദിവസങ്ങളി‍ല്‍ സി.പി.എം നേതൃയോഗം ചേരും. താഴെത്തട്ടിലുള്ള ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തേണ്ടത് സംഘടന പ്രവർത്തനത്തിന് അനിവാര്യമാണെന്നും ഇക്കാര്യം പാർട്ടി  നേതാക്കന്‍മാർ കേരളത്തിൽ മറന്നുപോകുന്നുവെന്നും കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. 

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി സിപിഎമ്മും സിപിഐയും വീടുകള്‍ ഗൃഹസന്ദർശനം നടത്താന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങൾ കുറഞ്ഞതു 100 വീടെങ്കിലും കയറണമെന്നു നിർദേശമുണ്ട്. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് അയച്ച 10 പേജുള്ള പ്രത്യേക സർക്കുലറില്‍ വീടുകളിൽ ചെല്ലുന്ന നേതാക്കൾക്കുള്ള ‘പെരുമാറ്റച്ചട്ട’വും പറയുന്നു. 

അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെതിരെ എന്തുകൊണ്ടു പാർട്ടി നടപടിയെടുക്കുന്നില്ല എന്ന ചോദ്യത്തിനു നൽകേണ്ട മറുപടി സർക്കുലറിലുണ്ട്– ‘ഈ പ്രശ്നം ചർച്ച ചെയ്യുമ്പോൾ പത്മകുമാറിന്റെ തെറ്റിന്റെ സ്വഭാവം വ്യക്തമായിരുന്നില്ല. അതു വ്യക്തമാകുന്ന ഘട്ടത്തിൽ ഉചിത തീരുമാനം പാർട്ടി സ്വീകരിക്കും.’ 

ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു വിശ്വാസികൾക്കെതിരല്ലെന്നും ജമാഅത്തെ ഇസ്‌ലാമിയെയും ലീഗിനെയും വിമർശിക്കുന്നത് ഇസ്‌ലാം വിമർശനമല്ലെന്നും പറയണം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ടിൽ ഫെബ്രുവരി 6നു സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. റിപ്പോർട്ടും എടുത്ത നടപടികളും മന്ത്രിസഭ അംഗീകരിച്ചശേഷം പ്രസിദ്ധപ്പെടുത്തുമെന്നു ക്രൈസ്തവ വീടുകളിൽ പറയണമെന്നും നിർദേശമുണ്ട്. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്താനുള്ള ഉള്ളടക്കവും കൂട്ടത്തിലുണ്ട്. 

ഇങ്ങനെയൊക്കെ പറയണം

വീട്ടിലെത്തുന്ന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള ‘പെരുമാറ്റച്ചട്ടം’ ഇങ്ങനെ:

1. സർക്കുലറിലെ എല്ലാ കാര്യങ്ങളും എല്ലായിടത്തും പറയരുത്. സാഹചര്യത്തിനനുസരിച്ചു ആവശ്യമുള്ളത് ഉപയോഗിക്കണം. 

2. ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുത്, ഇടയ്ക്കു കയറി സംസാരിക്കരുത്, ക്ഷമാപൂർവം ഇടപെടണം. 

3. വീട്ടുകാരുമായി പരിചയമുള്ളവർ സ്ക്വാഡിൽ വേണം. വീടിനകത്തിരുന്നു സംസാരിക്കണം.  

4. പാർട്ടി വിട്ടുപോയ സഖാക്കളുമായി തുറന്ന ചർച്ച നടത്തണം.

ENGLISH SUMMARY:

CPM Kerala focuses on improving public relations by revisiting their approach to house visits. The CPM Central Committee is urging leaders and activists to maintain consistent engagement with the public and to avoid limiting visits to post-election failures.