മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാരകന്‍. മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നു എന്നാണ് സുധാകരന്‍ പറഞ്ഞത്. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്, വിയര്‍പ്പൊഴുക്കുന്നവന്, വിശക്കുന്നവന് എന്തുണ്ടാക്കി കൊടുത്തു ഈ സര്‍ക്കാര്‍ എന്നും അദ്ദേഹം ചോദിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവൻ കോൺഗ്രസ് പ്രതിനിധികളെയും ഉൾപ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന മഹാ പഞ്ചായത്തിലായിരുന്നു കെ.സുധാകരന്‍റെ പ്രതികരണം.
'പിണറായി വിജയനെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്, വിയര്‍പ്പൊഴുക്കുന്നവന്, വിശക്കുന്നവന് എന്തുണ്ടാക്കി കൊടുത്തു ഈ സര്‍ക്കാര്‍. ശമ്പളം കൊടുത്തോ, ആനുകൂല്യങ്ങള്‍ കൊടുത്തോ?. ഇവര്‍ക്ക് ഇതൊന്നും കൊടുക്കാതെ ഈ സംസ്ഥാനം ഭരിക്കാന്‍ ഉളുപ്പുണ്ടോ പിണറായി എന്ന് അദ്ദേഹത്തോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മുഖ്യമന്ത്രി എന്റെ നാട്ടുകാരനാണ്. അതിൽ ഞാൻ ലജ്ജിക്കുന്നു. മുഖ്യമന്ത്രിയുടെ നാട്ടില്‍ ജീവിക്കേണ്ടി വന്നതിന് ഞാന്‍ ലജ്ജിക്കുന്നു എന്ന് പറയാതിരിക്കാന്‍ എനിക്ക് നിര്‍വാഹമില്ല.
ഇന്ന് ഈ നാട് എവിടെയാണ് എത്തി നില്‍ക്കുന്നത്. ഇതുവരെ കേള്‍ക്കാത്ത രീതിയിലുള്ള ശബരിമല സ്വര്‍ണക്കൊള്ള, എത്ര കോടിയുടെ സ്വര്‍ണം. ഒരു തെളിവ് കിട്ടിയോ, ഒരു രേഖ കിട്ടിയോ. എന്തുകൊണ്ട് കിട്ടിയില്ല?. കോടാനുകോടി രൂപയുടെ സ്വര്‍ണം ശബരിമല അയ്യപ്പന്‍റെ ക്ഷേത്രത്തില്‍ നിന്ന് കടത്തികൊണ്ടുപോയിട്ട് അതിനൊരു പരിഹാരം കാണാന്‍ പറ്റാത്ത ഈ സര്‍ക്കാരിന് ഈ നാട് ഭരിക്കാന്‍ എന്ത് അവകാശമെന്ന് ഈ നാട്ടിലെ ജനങ്ങള്‍ ചോദിക്കണം എന്നാണ് എനിക്ക് നിങ്ങളോട് ആവശ്യപ്പെടാനുള്ളത്.
അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണ്, അന്വേഷിച്ചാല്‍ ആരുടെ കൈകള്‍ക്കാണ് വിലങ്ങുവെക്കേണ്ടി വരിക എന്ന് സിപിഎമ്മിന് അറിയാം. ആദ്യം പിടിച്ച രണ്ടുപേര്‍, ജയിലില്‍ കിടക്കുന്ന രണ്ടുപേര്‍ സിപിഎമ്മിന്‍റെ മുഖ്യമന്ത്രിയുടെ സന്തതസഹചാരികളാണ്. തെളിവ് തിരഞ്ഞ് പിന്നെയും പോയാല്‍ ഒരുപാട് സിപിഎമ്മിന്‍റെ ആളുകള്‍ കൈവിലങ്ങുമായി ജയിലില്‍ പോകേണ്ടി വരുമെന്ന് സിപിഎമ്മിന് അറിയാം. അയ്യപ്പന്‍റെ സ്വര്‍ണം തിരികെ നേടിത്തരാനാകാത്ത സര്‍ക്കാര്‍ എന്തിന് ഈ നാട് ഭരിക്കണമെന്ന് ഓരോരുത്തരും ആലോചിക്കണം' എന്നാണ് സുധാകരന്‍ പറഞ്ഞത്.