ഒറ്റക്കെട്ടായി നില്‍ക്കൂ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാമെന്ന സന്ദേശം കേരളത്തിലെ നേതൃത്വത്തിന് നല്‍കി രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നുവെന്നും കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുല്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്ത് കോണ്‍ഗ്രസിന്‍റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കവുമായി.
നാല് കോര്‍പറേഷന്‍ ഭരണം അടക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍വിജയം ആഘോഷിക്കാനാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ കെപിസിസി മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ കേളികൊട്ടുകൂടിയായ പരിപാടിയില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തൊച്ചി തര്‍ക്കം വേണ്ടെന്ന സന്ദേശം പരോക്ഷമായി നല്‍കും വിധം രാഹുല്‍ പറഞ്ഞു, കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് വന്‍വിജയം നേടുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന്.
സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചില്ല. കേരള ജനതയെ നിശബ്ദരാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍. ആര്‍എസ്എസും ബിജെപിയും ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ല. രാജ്യമാകെ സാംസ്ക്കാരിക നിശബ്ദതയാണെന്ന എം ലീലാവതിയുടെ പരാമര്‍ശം രാഹുല്‍ ഉയര്‍ത്തിക്കാട്ടി. ഓരോ കോണ്‍ഗ്രസുകാരനും ഭരണഘടനയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാന്‍ ആഗ്രഹിക്കാത്ത കേന്ദ്രസര്‍ക്കാര്‍ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുകയാണെന്നും വിമര്‍ശിച്ചു.
വര്‍ഗീയവാദികള്‍ക്ക് തീപ്പന്തം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പിണറായിക്ക് നല്ലബുദ്ധികൊടുക്കാന്‍ അയ്യപ്പനോട് പ്രാര്‍ഥിക്കുന്നതായി കെ.സിവേണുഗോപാലും പറഞ്ഞു. ഒരു കോണ്‍ഗ്രസ് നേതാവിനെയും ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് വേദിയില്‍ വി.ഡി സതീശന് കെ മുരളീധരന്‍റെ പിന്തുണ. ദീപാദാസ് മുന്‍ഷി, സച്ചിന്‍ പൈലറ്റ്, കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജ് എന്നിവരും മഹാപഞ്ചായത്തില്‍ പങ്കെടുത്തു.